malappuram local

നാടുകാണി - പരപ്പനങ്ങാടി റോഡ് വികസനം : മഞ്ചേരി-മലപ്പുറം റൂട്ടില്‍ ദുരിതയാത്ര



മഞ്ചേരി: മഞ്ചേരി-മലപ്പുറം പാതയില്‍ വാഹന ഗതാഗതം അതിരൂക്ഷമായി. നാടുകാണി - പരപ്പനങ്ങാടി റോഡ് വികസന പദ്ധതി നടക്കുന്നതിനൊപ്പം റോഡ് തകര്‍ന്നതാണ് ദുരിതത്തിനു കാരണം. വികസന പദ്ധതിയുടെ ഭാഗമായി റോഡ് വീതികൂട്ടി വശങ്ങളില്‍ ഓടകള്‍ നിര്‍മിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. റോഡിന്റെ നല്ലൊരുഭാഗം കവര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാരണം പാതയില്‍ ഗതാഗതം പ്രയാസമാണ്. ഇതിനിടെ പാത മിക്കയിടങ്ങളിലും തകര്‍ന്നടിഞ്ഞു. പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ മേഖലകളിലും വന്‍തോതിലാണ് പത തകര്‍ന്ന് ഗട്ടറുകള്‍ രൂപപ്പെട്ടിരിക്കുന്നത്. തകര്‍ന്നടിഞ്ഞ പാത വാഹനയാത്രികരുടെ നടുവൊടിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയടക്കമുള്ള ചെറു വാഹനങ്ങളും അപകടത്തില്‍ പെടാനും നിരത്തില്‍ ഗതാഗത കുരുക്കിനും ഇത് കാരണമാവുന്നു. റോഡ് നവീകരണത്തിന്റെ പേരില്‍ അറ്റകുറ്റപ്പണികളൊന്നും നടക്കുന്നില്ല. കുഴികളടയ്ക്കാന്‍ താല്‍കാലിക നടപടികളും ഇല്ലാത്തത് ജനകീയ പ്രതിഷേധത്തിനിടയാക്കുകയാണ്. 12 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയിലാണ് നാടുകാണി മുതല്‍ പരപ്പനങ്ങാടി വരെ റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ നഗരത്തോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പദ്ധതി നടത്തിപ്പിനായി സ്ഥലമേറ്റെടുക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ് മഞ്ചേരി നഗരമധ്യത്തില്‍ നിന്നു മാറിയാണ് റോഡ് കടന്നുപോവുന്നത്. നിലമ്പൂര്‍ റോഡില്‍ ജസീല ജങ്ഷനില്‍ നിന്നു രാജീവ്ഗാന്ധി ബൈപാസ്, തുറക്കല്‍ ബൈപാസ് എന്നിവയിലൂടെ കച്ചേരിപ്പടി ബൈപാസ് ജങ്ഷനിലെത്തിയാണ് പാത മലപ്പുറം ഭാഗത്തേയ്ക്ക് വിപുലീകരിയ്ക്കുന്നത്.
Next Story

RELATED STORIES

Share it