നസ്‌റേത്തിലെ അസ്തിത്വവ്യഥ ചിത്രീകരിച്ച് വാജിബ്

എന്‍ എ ശിഹാബ് തിരുവനന്തപുരം: ഇസ്രായേലി അധിനിവേശം ഒരു സമൂഹത്തിന് മേല്‍ പെയ്തിറങ്ങിയപ്പോള്‍ മുളച്ചുപൊങ്ങിയ അസ്വാസ്ഥ്യജനകമായ ജീവിതാനുഭവങ്ങള്‍ കോറിയിടുകയാണ് വാജിബ് എന്ന ഫലസ്തീനിയന്‍ സിനിമ. വിവാഹക്ഷണക്കത്തുമായി വീടുകള്‍ കയറിയിറങ്ങുമ്പോഴുണ്ടാവുന്ന രസകരമായ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കിയാണ് വേരറ്റുപോയിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ അസ്തിത്വവ്യഥ സംവിധായകന്‍ ആന്‍മേരി ജാസിര്‍ അവതരിപ്പിക്കുന്നത്. ജൂത- അറബ് സംസ്‌കാരങ്ങളുടെ സംഘര്‍ഷത്തില്‍ പുരോഗമനവാദികളായ ഒരു വിഭാഗത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ഥ്യം തന്‍മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇസ്രായേലികള്‍ താമസിക്കുന്ന നഗരപ്രദേശത്തിന്റെ വികസന പുരോഗതിയും തദ്ദേശീയരുടെ ഇടതൂര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴികളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും അധിനിവേശത്തിന്റെ ദുരന്തശേഷിപ്പായി അവശേഷിക്കുന്നു. മകളുടെ വിവാഹം ക്ഷണിക്കാനെത്തുന്ന റിട്ട. അധ്യാപകനായ അബുഷാദിയും ഇറ്റലിയില്‍ ജോലി ചെയ്യുന്ന മകനും വ്യത്യസ്ത ജീവിത വീക്ഷണം വച്ചുപുലര്‍ത്തുന്നവരാണ്. ഇരുവരെയും അറബ് ആതിഥേയ മര്യാദയോടെ നാട്ടുകാര്‍ സ്വീകരിക്കുമ്പോഴും അവര്‍ക്കിടയില്‍ അസ്തിത്വ വ്യഥയുടെ കരിമ്പടം കനംതൂങ്ങി നില്‍ക്കുന്നത് വ്യക്തമാണ്. തുടക്കത്തില്‍ നാട്ടിലെ ജീവിതസാഹചര്യങ്ങള്‍ കൗതുകത്തോടെ നോക്കിക്കാണുന്ന മകന്‍ ഒടുവില്‍ ഭീതിതമായ സാമൂഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന പിതാവിന്റെ ജീവിതവ്യഥകള്‍ തന്റേത് കൂടിയാണെന്നു തിരിച്ചറിയുന്നു. സിഗരറ്റ് വലിയെന്ന ബിംബ കല്‍പനയിലൂടെ ഇക്കാര്യം കൂടുതല്‍ അനുഭവഭേദ്യമാക്കുന്നുണ്ട്. അധിനിവേശ ജീവിതസാഹചര്യങ്ങളോട് സമരസപ്പെട്ട് ക്ഷമ കൈക്കൊള്ളുന്ന പിതാവും ഇതിനെതിരേ തിളച്ചുമറിയുന്ന മനസ്സുമായി ക്ഷുഭിത യൗവനം കാഴ്ചവയ്ക്കുന്ന മകനും ഫലസ്തീനിയന്‍ ജനതയുടെ നേര്‍ചിത്രമായി അവതരിപ്പിക്കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്. ഇസ്രായേലിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഹെഡ്മാസ്റ്ററെ ക്ഷണിക്കാനുള്ള പിതാവിന്റെ തീരുമാനം ഇരുവര്‍ക്കുമിടയില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളുടെ ആശയസംഘട്ടനത്തിന് വേദിയാക്കുന്നു. വിവാഹക്കുറിയിലെ തിയ്യതി മാറിപ്പോവുന്നതും ക്ഷണം സ്വീകരിക്കുന്ന വീട്ടുകാരുടെ വിവിധ തരത്തിലുള്ള പെരുമാറ്റവും വിവാഹ വസ്ത്ര സങ്കല്‍പവും കാഴ്ചക്കാരില്‍ ചിരി പടര്‍ത്തുന്നുണ്ട്. തെരുവില്‍ കളിപ്പാട്ടം വില്‍ക്കുന്ന ഗസയിലെ ബാലന്‍ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച കാണിക്കാത്തവരാണെന്ന സൂചനയും സിനിമ പങ്കുവയ്ക്കുന്നു. മുഹമ്മദ് ബകരി, സാലിഹ് ബകരി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തിന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലുള്‍പ്പെടെ നേട്ടം കൊയ്യാനായിട്ടുണ്ട്. അന്താരാഷ്ട്ര സിനിമാ മല്‍സരവിഭാഗത്തില്‍ വാജിബ് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുമെന്നാണു പ്രേക്ഷകലോകം വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it