Flash News

നഷ്ടമായത് പൗരാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ധീരവ്യക്തിത്വം: ഇ അബൂബക്കര്‍

ന്യൂഡല്‍ഹി: ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അനുശോചനം രേഖപ്പെടുത്തി. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് എന്നറിയപ്പെടുന്ന, ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഉന്നതതല കമ്മിറ്റി റിപോര്‍ട്ടിന്റെ മുഖ്യശില്‍പിയെന്ന നിലയില്‍ അദ്ദേഹം ഒരു മഹാ വ്യക്തിത്വമായിരുന്നുവെന്ന് ഇ അബൂബക്കര്‍ പറഞ്ഞു. മുസ്‌ലിം വൃത്തങ്ങളില്‍ ജസ്റ്റിസ് സച്ചാറിന്റെ പേര് ഏറെ സുപരിചിതമാണ്.
മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരം തേടി  രൂപംകൊണ്ട പല പ്രധാന പദ്ധതികള്‍ക്കും പ്രേരകമായത് സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടായിരുന്നു. ഔദ്യോഗിക കണക്കുകളുടെയും സ്ഥിതിവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മുസ്‌ലിം പിന്നാക്കാവസ്ഥ  വ്യക്തമാക്കുന്ന സമഗ്രമായ പഠന റിപോര്‍ട്ടിനാണ് അദ്ദേഹം രൂപം കൊടുത്തത്.
വിമര്‍ശകര്‍ക്ക് പോലും അതിന്റെ ആധികാരികതയും വസ്തുനിഷ്ഠതയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട എല്ലാവിഭാഗങ്ങളുടെയും ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്ക് വേണ്ടിയും  ധീരമായി ശബ്ദിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് സച്ചാര്‍. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം നിരവധി വസ്തുതാന്വേഷണ ദൗത്യങ്ങള്‍ക്കും നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങളെ ഇ അബൂബക്കര്‍ അനുശോചനം അറിയിച്ചു.
Next Story

RELATED STORIES

Share it