malappuram local

നഷ്ടംനികത്താന്‍ ശേഷിയുള്ളവര്‍ സ്വയം പിന്‍മാറണം: മന്ത്രി

മലപ്പുറം: പ്രകൃതിക്ഷോഭം മൂലം നാശനഷ്ടങ്ങളുണ്ടായിട്ടുള്ളവര്‍ തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ശേഷിയുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ സഹായത്തിനായി കാത്തു നില്‍ക്കാതെ സ്വയം പിന്‍മാറണമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ധനസമാഹരണ കാംപയിനോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ നികുതിപ്പണമല്ല, മറിച്ച് ജനങ്ങളുടെ വിഹിതമാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. അര്‍ഹരായവര്‍ക്ക് അത് ലഭിക്കണം. അതുകൊണ്ടുതന്നെ സ്വന്തമായി നഷ്ടം നികത്താനാവുന്നവര്‍ സ്വയം പിന്‍മാാറുന്നതാണ് ഉചിതം. ദുരിതാശ്വാസ നിധിയില്‍ നിന്നു ഒരു രൂപ പോലും അനര്‍ഹര്‍ക്ക് ലഭിക്കില്ല. വിവിധ വകുപ്പുകള്‍ നാശങ്ങളുടെ കണക്കെടുക്കുന്നത് നടത്തുന്നത് ദുരിതാശ്വാസ നിധിയില്‍നിന്ന് നഷ്ടപരിഹാരം നല്‍കാനല്ല, നഷ്ടം കണക്കാക്കാനാണ്.
ജില്ലയിലെ പ്രളയബാധിതരായ 33,079 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ ആശ്വാസ ധനമായി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം അവശ്യവസ്തുക്കളടങ്ങിയ കിറ്റും ഇവര്‍ക്ക് നല്‍കി.
വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് നാലു ലക്ഷം രൂപയാണ് നല്‍കുക. കേന്ദ്ര വിഹിതമായ 92,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 3,08,000 രൂപയും ചേര്‍ന്നതാണ് ഈ തുക. വീട് പൂര്‍ണമായും നശിക്കുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്തവര്‍ക്ക് പത്ത് ലക്ഷം രൂപയും ലഭിക്കും. ഇവര്‍ക്ക് പുതിയ ഭൂമി വാങ്ങി വീടുവയ്ക്കാനാണ് ഈ തുക നല്‍കുക. വാസയോഗ്യമല്ലാതായ പഴയ ഭൂമി സര്‍ക്കാറിന് നല്‍കുകയും വേണം.
കേന്ദ്ര വിഹിതമായ 92,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 9,08,000 രൂപയും ചേര്‍ന്നതാണ് ഈ തുക. ജില്ലാ ഭരണകൂടവും പോലിസും മറ്റു സംവിധാനങ്ങളും പൊതുജനങ്ങളും മല്‍സ്യത്തൊഴിലാളികളുമെല്ലാം മികച്ച പ്രവര്‍ത്തനമാണ് രക്ഷാപ്രവര്‍ത്തനത്തിലും പ്രളയാനന്തര ശുചീകരണത്തിലും കാഴ്ച വച്ചതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it