palakkad local

നവീകരണപ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ഇന്ന്‌

നെന്മാറ: അവധിക്കാലങ്ങളും ആഘോഷങ്ങളും ഉല്ലാസത്തിന്റ നാളുകളായി മാറ്റുന്നതിനു വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനുമായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു. ഇതിന്റെ ഭാഗമായി പോത്തുണ്ടി ഉദ്യാനത്തിന്റെ നവീകരണോദ്്ഘാടനം ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഡിടിപിസിയുടെ നേതൃത്വത്തില്‍ 4.76 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മംഗലം ഡാമില്‍ നടക്കുക.
വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി പ്രകൃതി സൗഹൃദമായ രീതിയില്‍ പ്രവൃത്തികള്‍ വിഭാവനം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പൂന്തോട്ടങ്ങളുടെ നവീകരണം, വിശ്രമകേന്ദ്രങ്ങള്‍, പാര്‍ക്കിങ് ഏരിയ, തുടങ്ങിയവയൊക്കെ നവീകരണത്തിന്റെ ഭാഗമായി നടക്കും. പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയും ദൃശ്യചാരുതായര്‍ന്ന താഴ്‌വരകളില്‍ നയനമനോഹാരിത വിടര്‍ത്തുന്ന പോത്തുണ്ടി ഉദ്യാനം അമ്പതാം പിറന്നാളാഘോഷിക്കുന്ന വേളയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
2008ലാണ് അവസാനമായി ഉദ്യാനത്തിലെ പൂന്തോട്ടം നവീകരിച്ച് കൂടുതല്‍ പൂച്ചെടികള്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജീകരിച്ചത്. ഇതിനുശേഷമാണ് പോത്തുണ്ടി ഉദ്യാനത്തിലേക്കു അയല്‍ സംസ്ഥാനങ്ങളില്‍നിന്നും വരെ സന്ദര്‍ശകരെത്തി തുടങ്ങിയത്.
പോത്തുണ്ടി ഉദ്യാനത്തിനകത്ത് മതിയായ വെളിച്ചമില്ലാത്തത് നെല്ലിയാമ്പതി കണ്ടിറങ്ങി പോത്തുണ്ടിയിലെത്തുന്ന സന്ദര്‍ശകരെ ഏറെ നിരാശയാക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ പോത്തുണ്ടി ഉദ്യാനം കൂടുതല്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനും വൈദ്യുതാലങ്കാര വിളക്കുകള്‍ തെളിയിക്കാനും പദ്ധതിയുണ്ട്. പൂന്തോട്ടങ്ങള്‍ പുതിയ ജലധാര, കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് പുതിയ പദ്ധതികള്‍. കഴിഞ്ഞ ഡിസംബറിലാണ് പോത്തുണ്ടി ഉദ്യാനത്തിന്റെ പിറന്നാളാഘോഷ ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചതെങ്കിലും ഉദ്യാനത്തിനകത്തേക്ക് കൂടുതല്‍ ബസ് സര്‍വീസുകളില്ലാത്ത് സഞ്ചാരികളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
പ്രകൃതിയും വശ്യചാരുതയും ഉദ്യാനത്തിന്റെ മനോഹാരിതയും ഊട്ടിയിലേതിനു സമാനമായ കാലാവസ്ഥയും പുതിയ നവീകരണ പ്രവൃത്തികളുമെല്ലാം പോത്തുണ്ടി ഉദ്യാനത്തിനത്തിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവീകരണ പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതോടെ കൂടുതല്‍ മനോഹാരിതയായ പോത്തുണ്ടി ഉദ്യാനം സന്ദര്‍ശകര്‍ക്കൊരു ഓണസമ്മാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 9.30ന് മംഗലം ഡാം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനാവും.
പി കെ ബിജു എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ കലക്റ്റര്‍ ഡോ: പി സുരേഷ് ബാബു, ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it