palakkad local

നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ശ്രീലങ്കന്‍ സെക്‌സ് മാഫിയക്ക് ബന്ധമെന്ന്

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: ജനിച്ച് നാലുദിവസമായ പെണ്‍കുഞ്ഞിനെ ഒരുമാസം മുമ്പ് തമിഴ്‌നാട്ടിലെത്തിച്ച് വിറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ സെക്‌സ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നുള്ള നിര്‍ണായക വിവരങ്ങള്‍ പോലിസിന് ലഭിച്ചു. സംഭവത്തിലെ പ്രധാന സൂത്രധാരന്‍ ജനാര്‍ദ്ദനന്‍, കുഞ്ഞിന്റെ അച്ഛന്‍ രാജന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി പോലിസ് ഈറോഡ്, പൊള്ളാച്ചി, കിണത്തുകടവ്, പെരുന്തുറൈ എന്നിവിടങ്ങളില്‍ തെളിവെടുത്തുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ പോലിസ് തയ്യാറായിട്ടില്ല. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും മുത്തശ്ശിയും അടക്കം അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അഞ്ചു പ്രതികളില്‍ രണ്ടുപേരെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. കുഞ്ഞിനെ വില്‍ക്കുന്നതിന് ഇടനില നിന്ന ഈറോഡ് പഴയ റെയില്‍വേ സ്‌റ്റേഷന്‍ റോഡ്  സുമതി (26), ശിശുവിന്റെ മുത്തശ്ശി പൊള്ളാച്ചി ഒറ്റക്കാല്‍ മണ്ഡപം കിണത്തുക്കടവ് വിജി(48), കുട്ടിയുടെ അമ്മ കുനിശ്ശേരി കണിയാര്‍കോട് കുന്നമ്പാറയില്‍ ബിന്ദു (30) എന്നിവര്‍ ഇപ്പോഴും  റിമാന്‍ഡിലാണ്. ജനാര്‍ദ്ദനനില്‍ നിന്നു ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയ ഭാഗ്യലക്ഷ്മി, ഇവരുടെ സഹായി കവിത, എന്നിവരെ പിടികൂടാനുണ്ട്. പ്രതികളെ ചോദ്യം ചെയ്ത പോലിസിന് ഇവരുമായി ബന്ധപ്പെട്ട റാക്കറ്റിനെയും മാഫിയസംഘത്തെയും കുറിച്ച് സുപ്രധാനമായ വിവരമാണ് ലഭിച്ചിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, വിലയ്ക്ക് വാങ്ങല്‍, അണ്ഡ, ബീജ, ഭ്രൂണ വ്യാപാരം, ഗര്‍ഭപാത്രം വാടകയ്ക് കൊടുക്കല്‍, മനുഷ്യക്കടത്ത്, പെണ്‍ വാണിഭം, അവയവ കച്ചവടം തുടങ്ങിയ നിയന്ത്രിക്കുന്ന വന്‍ ശൃംഖലയിലെ താഴെ തട്ടിലുള്ള കണ്ണികളാണിവരെന്ന് ഉറപ്പിക്കാമെന്നാണ് പോലിസ് പറയുന്നത്. നേരത്തേ ഉയര്‍ന്ന ഈ സംശയം ഉറപ്പിക്കും വിധം പ്രമുഖ ക്രിമിനല്‍ അഭിഭാഷകര്‍ ഇവരുടെ വക്കാലത്തിനായി രംഗ പ്രവേശം ചെയ്തിരുന്നു. സുമതി, വിജി, ബിന്ദു എന്നിവരുടെ ജാമ്യത്തിനായി തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ വക്കീല്‍ കോടതിയിലെത്തിയിരുന്നു. പാലക്കാട്ടെ പ്രമുഖ വക്കീലും ഇവര്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൊള്ളാച്ചിയിലും ഈറോഡിലും എത്തിയ ആലത്തൂര്‍ പോലിസിന് തമിഴ്‌നാട് പോലിസിന്റെ സഹകരണം കിട്ടിയിരുന്നില്ല. പാലക്കാട് എസ്പി. തമിഴ്‌നാട് പോലിസ് മേധാവികളോട് സംസാരിച്ച ശേഷമാണ് ഇതിന് മാറ്റം വന്നത്.പൊള്ളാച്ചി കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് നവജാത ശിശുവിനെ വിറ്റതിന് അറസ്റ്റിലായവര്‍ നല്‍കുന്ന സൂചന. വന്ധ്യത ചികില്‍സാ കേന്ദ്രങ്ങള്‍, വന്‍കിട ആശുപത്രികള്‍ എന്നിവ ചുറ്റിപ്പറ്റിയാണ് ഇവരുടെ പ്രവര്‍ത്തനം. ശിശുക്കളെയും പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിന് എത്തിക്കുന്ന സംഘവും ഇവരുമായി ബന്ധപ്പെടുന്നതായി സംശയമുണ്ട്. കേരളത്തില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരി, ആലുവ എന്നിവിടങ്ങളിലുള്ള ചികില്‍സാ സ്ഥാപനങ്ങള്‍, മറ്റ് ചില ആശുപത്രികള്‍ എന്നിവ പോലിസിന്റെ നിരീക്ഷണത്തിലാണ്. തമിഴ്‌നാട്ടിലെ സെക്‌സ് മാഫിയക്ക് ഈ ആശുപത്രികളുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലിസ്.
Next Story

RELATED STORIES

Share it