Pathanamthitta local

'നവകേരള സൃഷ്ടിക്കായി ഭരണഭാഷ പൂര്‍ണമായും മലയാളമാവണം'



പത്തനംതിട്ട: ഭരണഭാഷ പൂര്‍ണമായും മലയാളമാകുമ്പോള്‍ നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പൂര്‍ണ വിജയം കാണുമെന്ന് വീണ ജോര്‍ജ് എംഎല്‍എ. കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. പഴയ അസംബ്ലി ഹാളില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക ഭാഷാ ബില്‍ പാസാക്കിയതോടെ ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം നിര്‍ബന്ധമായി. ഇത് കേരളത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാവണം. ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജില്ലയില്‍ നടത്തിയ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞതായും എംഎല്‍എ അവകാശപ്പെട്ടു. ഭരണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിയുന്നതിന് ഔദ്യോഗിക ഭാഷ മലയാളമാക്കിയതിലൂടെ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഡിഎം അനു എസ് നായര്‍ പറഞ്ഞു. ഇതിലൂടെ ഭരണരംഗം കൂടുതല്‍ സുതാര്യവും ജനകീയവുമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.  മലയാള ഭാഷയോടുള്ള സ്‌നേഹം ദിനാചരണങ്ങളില്‍ മാത്രം ഒതുങ്ങരുതെന്ന് ചടങ്ങില്‍ മലയാളദിന സന്ദേശം നല്‍കിയ കവയത്രി എം കെ കണിമോള്‍ പറഞ്ഞു. ഡെപ്യുട്ടി കലക്ടര്‍മാരായ പി ടി എബ്രഹാം, എന്‍ ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍,.ഹുസൂര്‍ ശിരസ്തദാര്‍ സാജന്‍ വി കുര്യാക്കോസ്,  പിആര്‍ഡി അസി. എഡിറ്റര്‍ പി ആര്‍ സാബു, കെ പി ശ്രീഷ്, ഉഷാകുമാരി പങ്കെടുത്തു. ഭരണാഭാഷാ ഉപയോഗം സാര്‍വത്രികമാക്കല്‍ എന്ന വിഷയത്തില്‍ സ്‌പെഷല്‍ തഹസീല്‍ദാന്‍ വി ടി രാജന്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it