നരേന്ദ്ര മോദിയുടെ ആരോപണം തള്ളി കരസേനാ മുന്‍ മേധാവി

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി പാകിസ്താന്‍ ഇടപെടലുണ്ടായെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന്്് കരസേന മുന്‍ മേധാവി ജനറല്‍ ദീപക് കപൂര്‍. മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന അത്താഴവിരുന്നില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമടക്കമുള്ളവര്‍ പാകിസ്താന്‍ നേതാക്കളോട് ഗുജറാത്ത് തിരഞ്ഞെടുപ്പു സംബന്ധിച്ച്്് ചര്‍ച്ച നടത്തിയെന്ന് മോദി ആരോപിച്ചിരുന്നു. എന്നാല്‍, അത്താഴവിരുന്നില്‍ ആഭ്യന്തര രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നും ഇന്ത്യ-പാക് ബന്ധം ഊഷ്മളപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് അവിടെ നടന്നതെന്നും മുന്‍ കരസേന മേധാവി വ്യക്തമാക്കി. ഡിസംബര്‍ ആറിനു വിളിച്ചുചേര്‍ത്ത വിരുന്നില്‍ 20 പേരാണ് പങ്കെടുത്തത്. താനും ആ വിരുന്നില്‍ പങ്കെടുത്തിരുന്നു. തങ്ങള്‍ ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. മുന്‍ നയതന്ത്രജ്ഞരും പ്രത്യേക കാലങ്ങളില്‍ പാകിസ്താനിലെ ഇന്ത്യന്‍ നയതതന്ത്രജ്ഞരായി പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തികളുമായിരുന്നു വിരുന്നിലുണ്ടായിരുന്നതെന്നും ദീപക് കപൂര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി ഇന്ത്യ സന്ദര്‍ശിച്ച ഘട്ടത്തിലാണ് യോഗം ചേര്‍ന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മുന്‍ വിദേശകാര്യമന്ത്രി കെ നട്‌വര്‍ സിങ്, മുന്‍ നയതന്ത്രജ്ഞരായ സല്‍മാന്‍ ഹൈദര്‍, ടി സി എ രാഘവന്‍, ശരത് സബര്‍വാള്‍, കെ ശങ്കര്‍ ബാജ്‌പേയ്, ചിന്‍മയ ഗരെഖാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. 
Next Story

RELATED STORIES

Share it