Flash News

നമ്പി നാരായണന്റെ ആത്മകഥ'ഓര്‍മകളുടെ ഭ്രമണപഥം'പ്രകാശനം ചെയ്തു



തിരുവനന്തപുരം: ചാരക്കേസില്‍ ആരോപണവിധേയനായിരുന്ന ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ആത്മകഥ 'ഓര്‍മകളുടെ ഭ്രമണപഥം' പ്രകാശനം ചെയ്തു. പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണനു നല്‍കിയാണ് പ്രകാശനം ചെയ്തത്. നമ്പി നാരായണന് നേരിട്ട അനുഭവം മറ്റൊരു നല്ല മനുഷ്യന് സംഭവിക്കാതിരിക്കാന്‍ ഈ പുസ്തകം ഒരു കാരണമാവണമെന്ന് ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് മാര്‍ഗം തെളിച്ച പ്രഗല്ഭന്‍. അദ്ദേഹത്തെ നമ്മള്‍ മാറ്റിനിര്‍ത്തിയത് ഒറ്റുകാരനായിട്ടാണ്. അദ്ദേഹം അനുഭവിച്ച യാതനകള്‍ മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെയെന്നും ശശി തരൂര്‍ പറഞ്ഞു. മറുപടി പ്രസംഗത്തില്‍ ചാരക്കേസ് കെട്ടിച്ചമച്ചത് എന്തിനുവേണ്ടിയായിരുന്നുവെന്ന് അന്വേഷിക്കണമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ''എനിക്കു സംഭവിച്ച നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചു. രാജ്യത്തിന്റെ നഷ്ടങ്ങളോ? ഈ കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. ആര് കെട്ടിച്ചമച്ചു, എന്തിനുവേണ്ടിയായിരുന്നു എന്നും അന്വേഷിക്കണം''- അദ്ദേഹം പറഞ്ഞു. വിക്രംസാരാഭായിയുടെ മരണത്തില്‍ ഉള്‍പ്പെടെ സംശയംവിതയ്ക്കുന്ന പുസ്തകത്തില്‍ ചാരക്കേസ് സൃഷ്ടിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരുകളും അക്കമിട്ട് പറയുന്നുണ്ട്. ആരോപണം ഉയര്‍ന്നതു മുതല്‍ 52 ദിവസത്തെ ജയില്‍വാസവും ഒടുവില്‍ കുറ്റവിമുക്തനാവുന്നതു വരെയുള്ള ഒട്ടേറെ സംഭവങ്ങളും ഓര്‍ത്തെടുക്കുകയാണ് നമ്പി നാരായണന്‍ പുസ്തകത്തിലൂടെ. പുസ്തകത്തിന്റെ മലയാളം പതിപ്പെഴുതിയ പ്രജേഷ് സെന്‍, ഇംഗ്ലീഷ് പതിപ്പിന്റെ ലേഖകന്‍ അരുണ്‍ റാം, മധു നായര്‍, പുസ്തകത്തിന്റെ പ്രസാധകരായ കറന്റ് ബുക്‌സ് പ്രതിനിധി സുധീര്‍ ചടങ്ങില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it