thrissur local

നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ കോളജ് വിദ്യാര്‍ഥിയെ പോലിസ് മര്‍ദിച്ചതായി പരാതി

വലപ്പാട്: ജുമാമസ്ജിദില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ കോളജ് വിദ്യാര്‍ഥിയെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. വലപ്പാട് അമ്പലത്ത് വീട്ടില്‍ റഫീക്കിന്റെ മകനും കുന്നുകര എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയായ റിഫാസ്(20) ആണ് പോലിസ് മര്‍ദനമേറ്റ് വലപ്പാട് ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയത്.
കഴിഞ്ഞ ദിവസം രാത്രി 8.15ഓടെ വലപ്പാട് ചാലുകുളം ജുമാമസ്ജിദില്‍ നിന്നും രാത്രി നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ റിഫാസ് കഴിമ്പ്രം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അനുജന്‍ സ്വാലിഹിനൊപ്പം പുറത്തെ കടയില്‍ നിന്നും റീച്ചാര്‍ജ് കൂപ്പണ്‍ വാങ്ങി നില്‍ക്കുമ്പോഴാണ് വലപ്പാട് പോലിസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ മറ്റു നാല് പോലിസുകാരുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാതൊരു കാരണവുമില്ലാതെ മുഖത്തടിച്ചത്.
പോലിസ് ഡ്രൈവര്‍ മോശമായി തെറി വിളിക്കുകയും കൈയ്യിലിരുന്ന മൊബൈല്‍ വാങ്ങി വലിച്ചെറിയുകയും ചെയ്തതായി റിഫാസ് പറഞ്ഞു. രാത്രി രണ്ടു വരെ സ്റ്റേഷനിലെ പോലിസുകാരെ വിട്ട് പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നു പറയുകയും പിറ്റേന്ന് രാവിലെ പരാതി പിന്‍വലിക്കാന്‍ അഭ്യാര്‍ഥിച്ചുവെന്നും റിഫാസ് പറഞ്ഞു.
വലപ്പാട് എസ്‌ഐ റിഫാസിന്റെ പിതാവ് റഫീക്കിനെ ഫോണില്‍ വിളിച്ച് പരാതി രമ്യമായി പരിഹരിക്കണം എന്നും പറഞ്ഞതായി പറയുന്നു. രാവിലെ ഒമ്പതു മണിക്ക് ഹോസ്പിറ്റലില്‍ നിന്നും ഇന്റിമേഷന്‍ പോയിട്ടും മൊഴിയെടുക്കാന്‍ പോലിസ് തയ്യാറായില്ല. ചെവിയില്‍ അസഹ്യമായ വേദനയുള്ളതിനാല്‍ ഹോസ്പിറ്റലില്‍ നിന്നും റഫറന്‍സ് വാങ്ങി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി ഇഎന്‍ടി വിദഗ്ധന്റെ ചികില്‍സ ഉറപ്പാക്കുമെന്ന് പിതാവ് പറഞ്ഞു.
കുറ്റക്കാരായ മുഴുവന്‍ പോലിസുകാര്‍ക്കുമെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പോലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കുമെന്നും തുടര്‍ന്ന് കോടതിയെ സമീപിക്കുമെന്നും റിഫാസും റഫീക്കും പറഞ്ഞു. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ നിയമ നടപടികള്‍ കൈകൊള്ളണമെന്നും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജെ യദുകൃഷ്ണ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it