Pathanamthitta local

നന്നുവക്കാട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ - ഒന്നാം ക്ലാസില്‍ ഒരു വിദ്യാര്‍ഥി പോലും എത്തിയില്ല



പത്തനംതിട്ട: ഒന്നാം ക്ലാസില്‍ ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാതെ ജില്ലാ ആസ്ഥാനത്ത് ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍. നന്നുവക്കാട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌ക്കൂളിലാണ് ഒന്നാം ക്ലാസിലേക്ക് ഒരു വിദ്യാര്‍ഥിപോലും എത്താതിരുന്നത്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പുതിയ അധ്യായന വര്‍ഷത്തേക്ക് നവാഗതരെ സ്വാഗതം ചെയ്ത് പ്രവേശനോല്‍സവം ഉല്‍സവമായപ്പോഴും ഇവിടെ പുതുതായി ചുമതലയേറ്റ പ്രധാന അധ്യാപികയും സഹപ്രവര്‍ത്തകരും എന്തു ചെയ്യണമെന്നുള്ള ഉത്കണ്ഠയിലായിരുന്നു. 1954ല്‍ സ്ഥാപിതമായ നന്നുവക്കാട് വെല്‍ഫെയര്‍ എല്‍പി സ്‌ക്കുള്‍ ആദ്യം ചേരമര്‍ സര്‍വ്വീസ് സെസൈറ്റിയുടെ ഏതാനും കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. നാല്‍പ്പത് വര്‍ഷം മുമ്പാണ് ഈ കുടുംബങ്ങള്‍ സ്‌കൂള്‍ സര്‍ക്കാരിന് കൈമാറിയത്. ആദ്യഘട്ടത്തില്‍ നാനൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം നടത്തിയിരുന്നതായി പ്രദേശവാസികള്‍ തന്നെ സമ്മതിക്കുന്നു. കാലക്രമത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ നഗരത്തില്‍ ആധിപത്യം സ്ഥാപിച്ചതോടെ ഈ വിദ്യാലയത്തിനും പൊതു വിദ്യാലയങ്ങള്‍ക്കുണ്ടായ ദുരവസ്ഥ പിടിപ്പെട്ടു. ഇതിനോടൊപ്പം സമീപത്തെ സ്വകാര്യ സ്‌കൂളുകളുടെ മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ പോകുന്നു എന്ന വ്യാജ പ്രചരണം നടത്തി. ഇതും വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും അകറ്റുന്നതിനിടയാക്കി. കഴിഞ്ഞ വര്‍ഷം മുന്‍ ഹെഡ്മിസ്ട്രസ് സി ഷീലാകുമാരി ഏറെ പരിശ്രമിച്ചാണ് ഒരു കുട്ടിയെ ഒന്നാം ക്ലാസില്‍ എത്തിച്ചത്. ഷീലാകുമാരി മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും ഇന്നലെ വളരെ വൈകീയും സ്‌കൂളില്‍ തന്നെ മറ്റ് അധ്യാപകര്‍ക്കൊപ്പം ചെലവഴിച്ചു. ഷീല ടീച്ചര്‍ വിരമിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് കൊട്ടാരക്കര സ്വദേശിനിയായ ഷേര്‍ലീ ജോര്‍ജ് ഇവിടെ പ്രഥാന അധ്യാപികയായി ചുമതലയേറ്റത്. നിലവില്‍ ഇവിടെ ഏഴു കുട്ടികളാണ് പഠിക്കുന്നത്. രണ്ടാം ക്ലാസില്‍ ഒന്ന്, മൂന്നില്‍ അഞ്ച്്, നാലില്‍ ഒന്ന് എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം. മുന്നാം ക്ലാസില്‍ ഒരു കുട്ടി അടുത്ത ദിവസം പ്രവേശനം നേടുമെന്ന് അറിയിച്ചിട്ടുമുണ്ട്. പുതിയ കുട്ടികള്‍ ആരും എത്തിച്ചേര്‍ന്നില്ലെങ്കിലും സര്‍വീസില്‍ നിന്നും വിരമിച്ച ഷീല ടീച്ചറും നവാഗതയായ ഷേര്‍ളി ടീച്ചറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മധുര പലഹാരം നല്‍കി പ്രവേശനോത്സവം നടത്തി. ഇവിടെ മലയാളത്തിനൊപ്പം ഇംഗ്ലീഷിലും അധ്യായനം നടത്തുന്നുണ്ട്. കംപ്യൂട്ടര്‍ പരിശീലനം നടത്തുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ നിന്നും പുറത്തിറങ്ങിയ ആറു കുട്ടികളും നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം നേടിയത്. ഇതിനോടൊപ്പം നാട്ടുകാരുടെ നിസ്സഹകരണവും മറ്റൊരു പ്രധാന പ്രശ്‌നമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും പൊതു പ്രവര്‍ത്തകരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സംയുക്്ത യോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ ജാസിംകുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it