malappuram local

നദീ സംരക്ഷണ ഫണ്ട് പത്തനംതിട്ട ജില്ലക്ക് കൈമാറരുത്

മലപ്പുറം: ജില്ലയില്‍തന്നെ നദീ സംരക്ഷണത്തിനും ശുദ്ധജല പദ്ധതികള്‍ക്കുമായി ധാരാളം പണം ആവശ്യമാണെന്നിരിക്കെ നദീ സംരക്ഷണ ഫണ്ടില്‍ (റിവര്‍ മാനേജ്‌മെന്റ് ഫണ്ട്) നിന്ന് 10 കോടി രൂപ പത്തനംതിട്ട ജില്ലയ്ക്ക് കൈമാറണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് ജില്ലാ വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി ഉബൈദുല്ല എംഎല്‍എ അവതാരകനും സി മമ്മുട്ടി എംഎല്‍എ അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള അവ്യക്തകള്‍ നീക്കണമെന്നും സമിതിയില്‍ ആവശ്യം ഉയര്‍ന്നു. 16 സ്‌കൂളുകളാണ് ജില്ലയില്‍ ഇതിനായി തിരഞ്ഞെടുത്തത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡും പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടി സ്വീകരിക്കണം. 5,135 ക്ലാസുകള്‍ ജില്ലയില്‍ ഹൈടെക് ആക്കും. ആദ്യഘട്ടത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയ 2,024 ക്ലാസ് മുറികളില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. സ്‌കൂള്‍ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരവും ഭരണാനുമതിയും നേടിയെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും റോഡ് നിര്‍മാണത്തിന് മുമ്പായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സി മമ്മുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. റോഡ് വശങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ കൂട്ടിയിട്ട വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ടി വി ഇബ്രാഹീം എംഎല്‍എ ആവശ്യപ്പെട്ടു. തിരൂരങ്ങാടി താലൂക്കിലെ റോഡുകളില്‍ കൈയേറ്റം ഒഴിവാക്കുന്നതിന് സര്‍വെ നടത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ ആവശ്യപ്പെട്ടു. വഴിക്കടവ് പരപ്പനങ്ങാടി റോഡ് വീതി കൂട്ടിയപ്പോള്‍ റോഡിലായ ട്രാന്‍സ്‌ഫോമറുകളും ഇലക്ട്രിക്ക് പോസ്റ്റുകളും മാറ്റി സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കി. പബ്ലിക് ഹെല്‍ത്ത് ലാബിന്റെ പ്രവര്‍ത്തനം ഉടനെ ആരംഭിക്കുന്നതിന് പി ഉബൈദുള്ള എംഎല്‍എ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഒഴിവുള്ള ജെപിഎച്ച്എന്‍ തസ്തികയിലേക്ക് നിയമനം ഉടന്‍ നടത്തണമെന്നും അതുവരെ താല്‍ക്കാലിക നിയമനം നടത്തുമ്പോള്‍ പിഎസ്‌സി ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മുന്‍ഗണ നല്‍കണമെന്നും പി ഉബൈദുല്ല എംഎല്‍എ ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ സമയത്ത് തന്നെ വൈദ്യുതീകരണവും നടത്തുന്ന തരത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള നടപടികള്‍ ഉണ്ടാവണം. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി വൈദ്യുതീകരണത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളതെന്നും എംഎല്‍എ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ സ്ഥാപിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം പെട്ടെന്ന് നടത്തി പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പി കെ ബഷീര്‍ എംഎല്‍എ ആവശ്യപ്പെട്ടു.  കോട്ടക്കല്‍ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എ ആവശ്യപ്പെട്ടു. തോണി അപകടത്തില്‍ മരിച്ച കുട്ടികള്‍ക്ക് വികസന സമിതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയത് മലപ്പുറം ജില്ലയാണ്. കലോല്‍സവത്തില്‍ പങ്കെടുത്ത പഠിതാക്കളേയും സാക്ഷരതാ മിഷന്‍ ഭാരവാഹികളേയും വികസന സമിതി അഭിനന്ദിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി. പ്ലാനിങ് ഓഫിസര്‍ പി പ്രദീപ്കുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതിനിധി സലീം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി അബ്ദുല്‍ റഷീദ്, വി രാമചന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it