wayanad local

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ; ജനങ്ങളെ കബളിപ്പിച്ച് ജനപ്രതിനിധികള്‍

കല്‍പ്പറ്റ: കര്‍ണാടകയിലെ നഞ്ചന്‍കോടിനെ സുല്‍ത്താന്‍ ബത്തേരി വഴി നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റെയില്‍പ്പാതയുമായി ബന്ധപ്പെടുത്തി ജനപ്രതിനിധികള്‍ വയനാടന്‍ ജനതയെ കബളിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദിഷ്ട പാതയുടെ സര്‍വേ ഡിഎംആര്‍സിയെ എല്‍പ്പിച്ചതായി സിറ്റിങ് എംഎല്‍എയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഐ സി ബാലകൃഷ്ണന്‍ പ്രചാരണം നടത്തിയിരുന്നു.
വയനാട് റെയില്‍വേ 'യാഥാര്‍ഥ്യമാക്കിയ' എംഎല്‍എയെ അഭിനന്ദിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. എംഎല്‍എ തീവണ്ടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു ബോര്‍ഡുകള്‍. റെയില്‍പ്പാതയുടെ സര്‍വേ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചതായി പ്രചരിപ്പിച്ചും വോട്ട് വാങ്ങി ബാലകൃഷ്ണന്‍ വീണ്ടും നിയമസഭയിലെത്തിയതിന്റെ ചൂടാറിയിട്ടില്ല. എന്നിരിക്കെ, നിര്‍ദ്ദിഷ്ട പാതയുടെ വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കുന്നതിനും അന്തിമ സ്ഥലനിര്‍ണ സര്‍വേ നടത്തുന്നതിനും ഡിഎംആര്‍സിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കയാണ് ലോക്‌സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ്. കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെയാണ് എംപി ഈ ആവശ്യമുന്നയിച്ചത്.
ഇതോടെ സര്‍വേ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിച്ചോ ഇല്ലയോ എന്ന സന്ദേഹത്തിലായിരിക്കയാണ് വയനാട്ടിലൂടെ തീവണ്ടിയോടുന്നതും കാത്തിരിക്കുന്നവര്‍. സര്‍വേ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകവഴി തിരഞ്ഞെടുപ്പുകാലത്ത് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റെയില്‍വേയുടെ പേരില്‍ വ്യാജപ്രചാരണം നടത്തിയെന്ന് എംപി സമ്മതിച്ചിരിക്കുകയാണെന്നു വിലയിരുത്തുന്നവരും ജനങ്ങള്‍ക്കിടയിലുണ്ട്.
സര്‍വേ വിഷയത്തില്‍ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റെയില്‍പ്പാത നിര്‍മാണച്ചെലവിന്റെ പകുതി വഹിക്കാമെന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. പ്രാരംഭവിഹിതമായി 2014-15ലെ ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തുകയുമുണ്ടായി. പിന്നാലെ പാത യാഥാര്‍ഥ്യമാക്കുന്നതിനായി സംയുക്ത കമ്പനി രൂപീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016-17ലെ റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദിഷ്ട പാതയ്ക്ക് 236 കിലോമീറ്റര്‍ ദൂരവും 6,000 കോടി രൂപ നിര്‍മാണച്ചെലവും കണക്കാക്കി ബജറ്റിതര ഫണ്ട് വിഭാഗത്തില്‍ കേന്ദ്രാനുമതിയും ലഭിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതു പ്രകാരം പഠനം നടത്തിയ ഡിഎംആര്‍സി മേധാവി ഡോ. ഇ ശ്രീധരന്‍ പാതയ്ക്ക് 156 കിലോമീറ്റര്‍ ദൂരവും വൈദ്യുതീകരണം അടക്കം 3,500 കോടി രൂപ ചെലവും വരുന്ന അലൈന്‍മെന്റാണ് നിശ്ചയിച്ചത്. കമ്പനി രൂപീകരിച്ച് പാത നിര്‍മിക്കാന്‍ അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്തണം.
വിശദമായ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കണം. ഇതിനായി ഡിഎംആര്‍സിയെ ചുമതലപ്പെടുത്താനും ചെലവിനത്തില്‍ എട്ടു കോടി രൂപ അനുവദിക്കാനും മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഉത്തരവ് പുറപ്പെടുവിച്ച് പണം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിച്ചില്ലെന്ന് എംപിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
കമ്പനി രൂപീകരണം നടന്നാല്‍ നിക്ഷേപകരെ കണ്ടെത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായ സാമ്പത്തിക ബാധ്യത വരാതെ പദ്ധതി നടപ്പാക്കാനും കാലതാമസമൊഴിവാക്കാനും സാധിക്കും. കമ്പനി രൂപീകരണ നടപടികള്‍ പൂര്‍ത്തിയായാല്‍ കേരളത്തിന് അനുവദിച്ച റെയില്‍ പദ്ധതികള്‍ അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഈയിടെ വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നാല്‍, കമ്പനി രൂപീകരണ നടപടികളും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് എംപി കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വികസനത്തില്‍ ഇനി ഏറ്റവും പ്രധാനം ഐടി നഗരങ്ങളായ ബാംഗ്ലൂരിനെയും കൊച്ചിയെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന നഞ്ചന്‍കോട്- സുല്‍ത്താന്‍ ബത്തേരി- നിലമ്പൂര്‍ റെയില്‍പ്പാതയാണെന്ന അഭിപ്രായവും എംപിക്കുണ്ട്.
കഴിഞ്ഞ കേന്ദ്ര റെയില്‍ ബജറ്റില്‍ ഒരു രൂപ പോലും വകയിരുത്താതെ നഞ്ചന്‍കോട്- നിലമ്പൂര്‍ പാത ഉള്‍പ്പെടുത്തിയത് തട്ടിപ്പാണെന്നു കരുതുന്നവര്‍ വയനാട്ടില്‍ നിരവധിയാണ്. ഈ പാതയുടെ നിര്‍മാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ല. നഞ്ചന്‍കോട് നിന്നു സുല്‍ത്താന്‍ ബത്തേരിക്കുള്ള പാത കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെയാണ് നിര്‍മിക്കേണ്ടത്.
കടുവാസങ്കേതത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടില്ലെന്ന അഭിപ്രായമാണ് വയനാട്ടിലെ പരിസ്ഥിതി സംഘടനകളില്‍ പലതിനും.
Next Story

RELATED STORIES

Share it