World

നജീബിനെതിരേ കോടതി കുറ്റം ചുമത്തി; ജാമ്യത്തില്‍ വിട്ടു

ക്വാലാലംപൂര്‍: 1എംഡിബി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരേ മലേസ്യന്‍ ഹൈക്കോടതി കുറ്റം ചുമത്തി. അധികാര ദുര്‍വിനിയോഗവും 2014 ഡിസംബര്‍ മുതല്‍ ഫെബ്രുവരി 2015 വരെ 42 ലക്ഷം മലേസ്യന്‍ റിന്‍ഗിറ്റ് പൊതു ഖജനാവില്‍ നിന്നു നജീബിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട മൂന്നു വിശ്വാസവഞ്ചനാ കുറ്റങ്ങളുമാണ് നജീബിനെതിരേ ചുമത്തിയത്. എന്നാല്‍, 10 ലക്ഷം റിന്‍ഗിറ്റ് ബോണ്ടില്‍ കോടതി നജീബിനു ജാമ്യം അനുവദിച്ചു.
അഴിമതി ആരോപണങ്ങള്‍ നജീബ് നിഷേധിച്ചു. നിരപരാധിത്തം തെൡയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. നിയമസംവിധാനത്തില്‍  വിശ്വാസമുണ്ട്. താന്‍ നിരപരാധിയാണെന്നു തെളിയിക്കാനുള്ള സുവര്‍ണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നാലു കുറ്റങ്ങളും തെളിയിക്കപ്പെട്ടാല്‍ നജീബിന് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ചൊവ്വാഴ്ചയാണ് അഴിമതിവിരുദ്ധ സമിതി നജീബിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയില്‍ മഹാതീര്‍ മുഹമ്മദ് അധികാരത്തിലെത്തിയ ഉടന്‍ 1എംഡിബി കേസില്‍ പുനരന്വേഷണം ആരംഭിക്കുകയും നജീബിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. യുഎസ് സഹായത്തോടെയുള്ള പദ്ധതിയില്‍ 450 കോടി ഡോളറിന്റെ അഴിമതി നടന്നതായി യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. എന്നാല്‍, എസ്ആര്‍സി ഇന്റര്‍നാഷനലില്‍ നിന്നു 42 ലക്ഷം മലേസ്യന്‍ റിന്‍ഗിറ്റ് നജീബിന്റെ അക്കൗണ്ടിലേക്കു മാറ്റിയതുമായി ബന്ധപ്പെട്ടാണ് അഴിമതിവിരുദ്ധ സമിതി അന്വേഷണം നടത്തുന്നത്.
നജീബ് പ്രധാനമന്ത്രിയായിരിക്കെ കേസില്‍ അന്വേഷണം നടത്തുകയും അറ്റോര്‍ണി ജനറല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. അഴിമതിയാരോപണം തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പരാജയത്തില്‍ കലാശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it