നഗരസഭ ഉപതിരഞ്ഞെടുപ്പ്- ഡല്‍ഹി: ബിജെപിക്ക് തിരിച്ചടി; എഎപി, കോണ്‍ഗ്രസ് മുന്നേറ്റം

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എംസിഡി) ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു തിരിച്ചടി. 13 വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ ആംആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അഞ്ചുവീതം സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപി മൂന്ന് സീറ്റുകളില്‍ ഒതുങ്ങി. പരമ്പരാഗതമായി തങ്ങളുടെ ശക്തികേന്ദ്രങ്ങളല്ലാത്ത വാര്‍ഡുകളില്‍ കൂടി പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിച്ചെന്ന് കോണ്‍ഗ്രസ് ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കന്‍ പറഞ്ഞു. 2013ലും 2015ലും നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 13 കൗണ്‍സിലര്‍മാര്‍ എംഎല്‍എമാരായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസ് ബാനറില്‍ മല്‍സരിച്ച് നാലുപേര്‍ വിജയിച്ചപ്പോള്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നു സ്വതന്ത്രനായി മല്‍സരിച്ച ഒരു സ്ഥാനാര്‍ഥി വിജയിച്ച ശേഷം പാര്‍ട്ടിയിലേക്കു തിരിച്ചുവന്നു. ഭാട്ടിയില്‍ നിന്നു വിജയിച്ച രാജേന്ദര്‍ സിങ് തന്‍വാറാണ് മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു പാര്‍ട്ടിയിലേക്കു തിരിച്ചു വന്നത്. ജില്‍മില്‍ വാര്‍ഡില്‍ ബിജെപിയുടെ മുന്‍ എംഎല്‍എ ജിതേന്ദര്‍ സിങ് ഷുണ്ടി കോണ്‍ഗ്രസ്സിലെ പങ്കജിനോട് രണ്ടായിരത്തിലേറെ വോട്ടിന് പരാജയപ്പെട്ടു.
കിച്ച്ഡിപൂര്‍, ഖമറുദ്ദീന്‍ നഗര്‍, മുനിര്‍ക്ക എന്നിവിടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഷാലിമാര്‍ബ്ഗ്, വസീര്‍പൂര്‍, നവാഡ എന്നീ വാര്‍ഡുകളില്‍ ബിജെപി ജേതാക്കളായി. ഡല്‍ഹിയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തവര്‍ഷം നടക്കാനിരിക്കേ ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പും ഫലവും പ്രധാനമാണ്.
തലസ്ഥാനത്തെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ ബിജെപി ഇനിയും വിജയിച്ചില്ലെന്നുകൂടിയാണ് ഇപ്പോഴത്തെ ഫലങ്ങള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെപോയ കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിനെതിരേ 67 സീറ്റുകള്‍ക്കാണ് ആംആദ്മി ബിജെപിയെ നിഷ്പ്രഭമാക്കിയത്.
Next Story

RELATED STORIES

Share it