palakkad local

നഗരസഭാ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി

പാലക്കാട്: യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ പരാതി നല്‍കുമെന്ന് പരസ്യ പ്രസ്താവന നടത്തിയ ബിജെപി ജില്ലാപ്രസിഡന്റ് കൂടിയായ നഗരസഭാ അഭിഭാഷകന്‍ ഇ കൃഷ്ണദാസിനെ സ്റ്റാന്റിങ് കോണ്‍സല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന യുഡിഎഫ് കക്ഷി നേതാവ് ഭവദാസിന്റെ പ്രമേയം തള്ളിയതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം കാരണം കൗണ്‍സില്‍ യോഗം പൂര്‍ത്തിയാക്കാനായില്ല.
തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലും ഈ വിഷയം യുഡിഎഫ് ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ യോഗം നിര്‍ത്തിവച്ച് പാര്‍ട്ടി ലീഡര്‍മാരുടെ യോഗത്തില്‍  ഭവദാസിന് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കാന്‍ അവസരം നല്‍കുകയായിരുന്നു. 52 കൗണ്‍സിലര്‍മാരെയും നഗരസഭയേയും സംരക്ഷിക്കേണ്ട നഗരസഭാ അഭിഭാഷകന്‍  ഇ കൃഷ്ണദാസ് കൗണ്‍സിലര്‍മാര്‍ക്കെതിരേ പത്ര സമ്മേളനം നടത്തി ഭീഷണി മുഴക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഭവദാസ് ആവശ്യപ്പെട്ടു.
ബിജെപി അഡൈ്വസറായാണോ കൃഷ്ണദാസ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഭവദാസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് ബിജെപി ജില്ലാ പ്രസിഡന്റെന്ന നിലയില്‍ കൃഷ്ണദാസ് പ്രതികരിച്ചതെന്ന് ബിജെപി അംഗം എന്‍ ശിവാരാജന്‍ പറഞ്ഞു. ഒരു സുപ്രഭാതത്തില്‍ അഭിഭാഷകനെ മാറ്റാന്‍ കഴിയില്ലെന്ന് വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി.
തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണിനടുത്തെത്തി ഇ കൃഷ്ണദാസിനെതിരേ പ്രതിഷേധ പ്രകടനം മുഴക്കുകയായിരുന്നു. ഉടനെ ബിജെപി കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണിനു സംരക്ഷണവുമായി ഡയസിലെത്തി. തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്തു പോയ  ചെയര്‍പേഴ്‌സണ്‍ അഞ്ചു മിനിട്ടിനകം തിരിച്ചു വന്ന് ഭവദാസിന്റെ നഗരസഭാ അഭിഭാഷകന്‍ ഇ കൃഷ്ണദാസിനെ പുറത്താക്കണമെന്ന പ്രമേയം തള്ളിയതായി പ്രഖ്യാപിക്കുകയായിരുന്നു. നഗരസഭാ അഭിഭാഷകന്‍ അഡ്വ. കൃഷ്ണദാസിനെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ കുമാരിയും ആവശ്യപ്പെട്ടു.
കൗണ്‍സില്‍ ചേര്‍ന്നു രണ്ടു പ്രാവശ്യവും ഇറങ്ങി പോയ ചെയര്‍പേഴ്‌സണ്‍ മൂന്നാം പ്രാവശ്യവും എത്തിയെങ്കിലും മറ്റുനടപടിയിലേക്കു കടക്കാതെ യോഗം പിരിച്ചു വിട്ടതായി അറിയിച്ചു. കൃഷ്ണദാസിനെതിരേ നടപടി സ്വീകരിക്കാതെ കൗണ്‍സില്‍ യോഗം നടത്താന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ വി മോഹനന്‍, മോഹന്‍ബാബു, വി നടേശന്‍, സാബു, തുടങ്ങിയവരും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു.
Next Story

RELATED STORIES

Share it