Idukki local

നഗരസഭാ കൗണ്‍സിലറെ ഉടുതുണിയുരിഞ്ഞ് മര്‍ദ്ദിച്ച സംഭവം: സിപിഎമ്മുകാര്‍ കീഴടങ്ങി

തൊടുപുഴ: നഗരസഭ 16ാം വാര്‍ഡ് സഭായോഗത്തില്‍ കൗണ്‍സിലര്‍ ടി കെ അനില്‍കുമാറിനെ ഉടുതുണിയുരിഞ്ഞ് മര്‍ദ്ദിച്ച സംഭവത്തില്‍ നാലു സിപിഎമ്മുകാര്‍ കീഴടങ്ങി.
ഉണ്ടപ്ലാവ് സ്വദേശികളായ അബി പുത്തന്‍പുരയില്‍, നിഷാദ് കുളത്തിങ്കല്‍, പ്രവീണ്‍ പൂവത്തില്‍,നിഷാദ് കളരിക്കല്‍ എന്നിവരാണ് മുട്ടം കോടതിയിലെത്തി ഇന്നലെ വൈകിട്ട് കീഴടങ്ങിയത്.പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞതായി ആരോപണമുയര്‍ന്നിരുന്നു. ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് കൗണ്‍സിലര്‍ തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. പ്രൈംമിനിസ്റ്റര്‍ ആവാസ് യോജനയുടെ ലിസ്റ്റ് കൗണ്‍സിലര്‍ വാര്‍ഡ് സഭയില്‍ വായിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ സാധ്യതാ ലിസ്റ്റാണ് കൗണ്‍സിലര്‍ വായിച്ചത്. എന്നാല്‍ ഇതിന്റെ പകര്‍പ്പ് വേണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലിസ്റ്റിന്റെ യഥാര്‍ഥ കോപ്പിയാണു കൈയിലുള്ളതെന്നും നാളെ നഗരസഭയില്‍ എത്തിയാല്‍ കോപ്പി നല്‍കാമെന്നും നഗരസഭ കോ-ഓഡിനേറ്റര്‍ ടി പി ബൈജു സിപിഎം പ്രവര്‍ത്തകരെ അറിയിച്ചു. പിന്നീടാണ് കൗണ്‍സിലറെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് മുണ്ട് പറിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്.
ഈ സംഭവമറിഞ്ഞെത്തിയ തൊടുപുഴയിലെ മുസ്‌ലിം ലീഗ് കൗണ്‍സിലറെയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തൊടുപുഴ പോലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നടന്‍ ആസിഫ് അലിയുടെ പിതാവുമായ എം പി ഷൗക്കത്തലിയുടെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനു പിന്നില്‍ ലീഗുകാരാണെന്നു സിപിഎം ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it