നഗരസഭയില്‍ ക്രമക്കേടെന്ന്; പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു

കാഞ്ഞങ്ങാട്: നഗരസഭയിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ചട്ടങ്ങള്‍ പാലിക്കാതെ നഗരത്തില്‍ വ്യാപകമായി കെട്ടിടങ്ങള്‍ പണിയുന്നതിലും ചില സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ്് കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചത്.
നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്ക് അനുബന്ധ രേഖകളൊന്നുമില്ലാതെയാണ് ലൈസന്‍സ് നല്‍കുന്നതെന്നും ചില ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന കൗണ്‍സിലര്‍മാരെപ്പോലും പലവട്ടം ഉദ്യോഗസ്ഥന്മാര്‍ നടത്തിക്കുന്നതായി കൗണ്‍സിലര്‍ റംഷീദ് ആരോപിച്ചു.
ഉദ്യോഗസ്ഥരുടെയും ഭരണപക്ഷത്തിന്റെയും മൗനാനുവാദത്തോടെ അനധികൃത കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും പടന്നക്കാട് മേല്‍പാലത്തില്‍ തെരുവ് വിളക്ക് സ്ഥാപിക്കാനുള്ള പദ്ധതി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്. ഈ ആവശ്യം ഉന്നയിച്ച് ചര്‍ച്ച നടത്തിയില്ലെങ്കില്‍ തങ്ങള്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞപ്പോള്‍ ചര്‍ച്ച ചെയ്യില്ലെന്നും യോഗം ബഹിഷ്‌കരിച്ചോ എന്ന നിഷേധാത്മക നിലപാടാണ് ചെയര്‍മാന്‍ കൈക്കൊണ്ടതെന്നും യുഡിഎഫ് ആരോപിച്ചു.
നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിനോടനുബന്ധിച്ച് വേളിക്കായല്‍ മാതൃകയില്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള അനുമതി ലഭിച്ചതായും ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. നഗരസഭയിലെ 43 എഡിഎസുമാര്‍ക്ക് അരലക്ഷം രൂപയും 487 കുടുംബശ്രീകള്‍ക്ക് പതിനായിരം രൂപയും ഗ്രാന്റ് അനുവദിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ആദ്യമായി നഗരസഭയില്‍ സ്വാന്തനം ഗ്രൂപ്പ് ആരംഭിച്ചു.
വീടുകളില്‍ ചെന്ന് രക്തപരിശോധന, പ്രമേഹ പരിശോധന എന്നിവ നടത്തുന്നതാണ് ഈ ഗ്രൂപ്പ്. അഞ്ചു ദിവസങ്ങളില്‍ വാര്‍ഡുകളിലും രണ്ടു ദിവസം നഗരസഭയിലുമായിരിക്കും ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുക എന്നും ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it