palakkad local

നഗരമധ്യത്തില്‍ പുലിയുടെ സാന്നിധ്യം: പ്രദേശവാസികള്‍ ഭീതിയുടെ നിഴലില്‍

ഒലവക്കോട്: നഗരത്തില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയെന്ന വാര്‍ത്ത പ്രദേശവാസികളെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ശനിയാഴ്ചയാണ് നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫിസ് റോഡിലുള്ള പഴയ സ്‌കൂളിന് സമീപം പുലിയെ കണ്ടതായി പറയുന്നത്.
ഹെഡ് പോസ്റ്റ് ഓഫിസ് റോഡിനു സമീപത്തുള്ള സ്വകാര്യ ഹോട്ടലിന്റെ എതിര്‍വശത്തുള്ള ഇവരുടെ ഉടമസ്ഥതയിലുള്ള കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് പുലിയിറങ്ങി പോവുന്നതായി വാച്ച് മാന്‍ പറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. എന്നാല്‍ പ്രദേശത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കാണുന്നുണ്ടെങ്കിലും ഇതിന്റെ സത്യാവസ്ഥ സംബന്ധിച്ച് ജനങ്ങളും വനംവകുപ്പും ആശങ്കയിലാണ്. ഈ കാര്‍ പാര്‍ക്കിങ്് ഏരിയക്കു സമീപമാണ് പുരാതനമായ വിവിപി ഹൈസ്‌കൂള്‍ കാലങ്ങളായി അടഞ്ഞുകിടക്കുന്നത്. സ്‌കൂള്‍ നിലകൊള്ളുന്ന പ്രദേശം മുഴുവനും കാടുപിടിച്ചുകിടക്കുന്നതിനാല്‍ ഇതിനകത്ത് പുലിയുടെ സാന്നിധ്യം തള്ളിക്കളയാനാവില്ലെന്ന നിഗമനത്തിലാണ് നാട്ടുകാരും വ്യാപാരികളും. കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തോ സ്‌കൂള്‍ കെട്ടിടത്തിനകത്തോ പുലി ഒളിച്ചിരിപ്പുണ്ടോയെന്ന് അതോ പുറത്തുകടന്നോ എന്നത് ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്. എന്നാല്‍ ശനിയാഴ്ച രാത്രി വനംവകുപ്പുദ്യോഗസ്ഥരും പോലിസും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയതായി പറയുന്നു. 2-3 ദിവസങ്ങളായി രാത്രിയില്‍ പ്രദേശത്ത് നായ്ക്കള്‍ കൂട്ടത്തോടെ ഓരിയിടുന്നതും നായ്ക്കള്‍ പരക്കം പായുന്നതായും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പുലിയുടെ സാന്നിധ്യം ഇപ്പോള്‍ എല്ലാവരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അടഞ്ഞുകിടക്കുന്ന സ്‌കൂള്‍ കെട്ടിടത്തിനകത്തെ കാടു വൃത്തിയാക്കുകയോ സ്‌കൂള്‍ കെട്ടിടത്തിനകത്ത് പരിശോധന നടത്തുകയോ ചെയ്യാതെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്റ്റേഡിയം സ്റ്റാന്റിന് സമീപത്ത് കല്‍മണ്ഡപം എയുപി സ്‌കൂളില്‍ പുലി വന്നിരുന്നു. അന്ന് ബസ്റ്റാന്റോ കെട്ടിടങ്ങളോ ഇല്ലാതെ തുറസ്സായ സ്ഥലമായതിനാല്‍ മലമ്പുഴ ഭാഗത്തുനിന്നുമാണ് പുലി വന്നതെന്നിരിക്കെ നഗരഹൃദയവും രാപകലന്യേ തിരക്കുള്ള പ്രദേശമായ ഹെഡ് പോസ്റ്റ് ഓഫിസ് റോഡില്‍ പുലി എങ്ങിനെയെത്തിയെന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏതായാലും പുലിയെ കണ്ടെന്നു സെക്യൂരിറ്റിയുടെ വാക്കുകളും പുലിയുടെ കാല്‍പ്പാടുകളും ജനങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it