Alappuzha local

നഗരത്തെ ഞെട്ടിച്ച് തൂങ്ങിമരണം

ആലപ്പുഴ: നഗരത്തിലെ ലോഡ്ജില്‍ കമിതാക്കളുടെ തൂങ്ങിമരണം ഉദ്യോഗജനകമായ അന്തരീക്ഷം സൃഷ്ടിച്ചു. കല്ലുപാലത്തിന് സമീപം വല്ലുവേള്ളില്‍ ലോഡ്ജിലാണ് ഇന്നലെ പട്ടാപ്പകല്‍ ദുരന്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ടോടെയാണ് 32 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും 23 വയസ്സ് പ്രായംവരുന്ന യുവാവും ഇവിടെ മുറിയെടുക്കാനെത്തിയത്.
ആലപ്പുഴ, കുപ്പപുറം, വിഷ്ണുനിവാസില്‍ വിഷ്ണു എന്ന മേല്‍വിലാസമാണ് ഇവര്‍ ലോഡ്ജില്‍ നല്‍കിയത്. യുവതിയുടെ പേരോ അഡ്രസോ നല്‍കിയതുമില്ല. പതിവ് രീതിയനുസരിച്ച് ഇവര്‍ പറഞ്ഞ അഡ്രസ് കുറിച്ചുവച്ച ലോഡ്ജ് മാനേജര്‍ ഐഡി പ്രൂഫ് ചോദിച്ചെങ്കിലും റൂമില്‍ ബാഗ് വച്ച ശേഷം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് റൂമിലേക്ക് പോയ ഇവര്‍ ഏറെ വൈകീട്ടും ഇവര്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. വൈകീട്ട് ആറ് മണിയോടെ ഇവരുടെ മൊബൈലില്‍ തുടര്‍ച്ചയായി ബെല്ല് അടിക്കുന്നത് തുടര്‍ന്നതോടെയാണ് മാനേജര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തൂങ്ങിമരിച്ചതാണെന്ന് കണ്ടെത്തിയത്. രാത്രി എട്ടോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും വാര്‍ത്തയറിഞ്ഞ് എത്തിയതോടെ പ്രദേശം ബഹളമയമായി.
ഇതിനിടെ നോര്‍ത്ത് പോലിസും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. പോലിസ് പരിശോധന നടത്തുന്നതിനിടയില്‍ മരിച്ചവരെ ഒരുനോക്കു കാണാന്‍ തിരക്കുകൂട്ടുകയായിരുന്നു നാട്ടുകാര്‍. തൂങ്ങിമരിച്ച യുവാവിന്റെ അച്ഛന്‍ സ്ഥലത്തെത്തി മൃതദ്ദേഹം തിരിച്ചറിഞ്ഞ് അലമുറയിട്ട് കരഞ്ഞത് തടിച്ചകൂടിനിന്നവരിലും വേദനയുണ്ടാക്കി. ഇതോടെയാണ് മരിച്ചവര്‍ കുട്ടനാട് കുപ്പപ്പുറം വിഷ്ണുനിവാസില്‍ വിഷ്ണു (23), സമീപവാസിയും പ്രവാസിയുടെ ഭാര്യയുമായ മൃദുല(32)യുമാണെന്ന് സൂചന ലഭിച്ചത്. വൈകീട്ട് 7.30ഓടെയാണ് തൂങ്ങിമരിച്ചതെന്നാണ് പോലിസ് നിഗമനം. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃദുലയുടെ ഭര്‍ത്താവ് അനീഷ് ഗള്‍ഫിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഇയാള്‍ നാട്ടിലെത്താനിരിക്കെയാണ് ദുരന്തമുണ്ടായത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
ഇതിനു മുമ്പും ലോഡ്ജില്‍ സമാന സംഭവങ്ങളരങ്ങേറിയിട്ടുണ്ടെന്നു പ്രദേശവാസികള്‍ ആരോപിച്ചു. കമിതാക്കളെന്ന് തോന്നിക്കുന്നവര്‍ക്ക് ഫാമിലി റൂം നല്‍കിയതിന് മാനേജര്‍ക്കെതിരേ നാട്ടുകാര്‍ അസഭ്യവര്‍ഷവും നടത്തി.
Next Story

RELATED STORIES

Share it