kozhikode local

നഗരത്തില്‍ ഹോളിയുടെ വര്‍ണമഴ

കോഴിക്കോട്: നഗരത്തില്‍ വര്‍ണമഴ പെയ്യിച്ച് ഹോളി ആഘോഷം. നൂറ്റാണ്ടുകളായി കച്ചവടാവശ്യാര്‍ഥം കോഴിക്കോട്ടെത്തി ഇവിട്ടത്തുകാരായിമാറിയ ഗുജറാത്തികളും രാജസ്ഥാനികളും കൂട്ടുകുടുംബത്തോടെ വ്യത്യസ്ത സമാജങ്ങളുടെ ആഭിമുഖ്യത്തില്‍ ഹോളി ആഘോഷിച്ചു. ഒപ്പം ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജോലിതേടിയെത്തിയവര്‍ അവരുടെ വാസസ്ഥലങ്ങളിലും ഹോളി കെങ്കേമമാക്കി.
രാജസ്ഥാനിലെ ജൈഡല്‍മാറില്‍ നിന്ന് നഗരത്തിലെത്തിയവരുടെ കൂട്ടായ്മയില്‍ ഒന്നായ മഹേശ്വരിസമാജ്, കോട്ടൂളിയിലെ പ്രഭുസദന്റെ വിശാലമായ മുറ്റത്ത് ഒത്തുകൂടി. ഇവരുടെ അമ്പതോളം വരുന്ന കുടുംബങ്ങളാണ് അവരുടെ ആചാരാനുഷ്ഠാനങ്ങളോടെ ഹോളി കൊണ്ടാടിയത്. പിത്ത്കാരി(പീച്ചാംകുഴല്‍)യില്‍ ചായങ്ങള്‍ നിറച്ച് പരസ്പരം നിറങ്ങളില്‍ നീരാടി.  ഉച്ചഭാഷിണിയില്‍ നിന്നും പുറത്ത് വന്ന ഹിന്ദി, രാജസ്ഥാനി ഗാനങ്ങള്‍ക്ക് ഒത്ത് ആണ്‍-പെണ്‍ കുഞ്ഞു-കുട്ടി വ്യത്യാസമില്ലാതെ നൃത്തം ചവിട്ടി. തുണികള്‍ പിരിച്ചുണ്ടാക്കിയ പ്രത്യേകതരം ചാട്ടവാറുകള്‍ ചുഴറ്റി ദേഹത്ത് അടിക്കുന്നതും ഹോളിയുടെ ഭാഗമാക്കി. രാജസ്ഥാനി പലഹാരങ്ങള്‍കൊണ്ട് തീന്‍മേശകള്‍ നിറച്ചു. കാണാനെത്തിയവരെയും വര്‍ണപൊടികള്‍ തൂകി അവര്‍ വരവേറ്റു. മറ്റൊരിടത്ത് മാര്‍വാടികള്‍ പ്രത്യേകതരം കോലുകള്‍ ഏന്തി ആഹ്ലാദനൃത്തം ചവിട്ടിയും നിറങ്ങളില്‍ നീരാടിയും ഹോളിയെ വരവേറ്റു. മഹേശ്വരി സമാജം ഹോളിആഘോഷത്തില്‍ രാജേന്ദ്രകടാവല്‍, കപില്‍ താണ്ഡക്, അമിതാഭ് കടൗജ്, കുശുഡുതലാല്‍, ഗോവിന്ദ് മഹേശ്വരി, മനോജ് മഹേശ്വരി നേതൃത്വംനല്‍കി.
Next Story

RELATED STORIES

Share it