Cricket

ധവാനും മുരളിക്കും സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്‌കോര്‍

ധവാനും മുരളിക്കും സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്‌കോര്‍
X


ബംഗളൂരു: അഫ്ഗാനിസ്താനെതിരായ ചരിത്ര ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 78 ഓവനറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെന്ന മികച്ച നിലയിലാണുള്ളത്. ശിഖര്‍ ധവാന്റെയും (107) മുരളി വിജയിയുടെയും (105) സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്.
അഫ്ഗാനിസ്താന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രഹാനെയുടെ പ്രതീക്ഷ തെറ്റിക്കാതെ ഓപണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയിയും ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം കുതിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ധവാന്‍ അഫ്ഗാന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചപ്പോള്‍ മുരളി നിലയുറപ്പിച്ച് കളിച്ചു. സെഞ്ച്വറി നേടിയതിന് പിന്നാലെ യാഹിന്‍ അഹ്മദ്‌സായിക്ക് വിക്കറ്റ് സമ്മാനിച്ച് ധവാന്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 28.4 ഓവറില്‍ ഒരു വിക്കറ്റിന് 168 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. 96 പന്തില്‍ 19 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.
വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ചേതേശ്വര്‍ പുജാരയെ നാലാം സ്ഥാനത്തേക്ക് ഇറക്കിയപ്പോള്‍ മൂന്നാമനായി കെ എവല്‍ രാഹുല്‍ (54) ക്രീസിലെത്തി. രാഹുലും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വപ്‌നം കണ്ടു. രാഹുലിനെക്കൂട്ടുപിടിച്ച് മുരളി വിജയ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 153 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സറും പറത്തിയ മുരളിയെ വഫേദാര്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. മുരളി മടങ്ങുമ്പോള്‍ രണ്ട് വിക്കറ്റിന് 280 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ.
എന്നാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് കാലിടറിയതും മഴ വില്ലനായെത്തിയതും ഇന്ത്യയുടെ റണ്ണൊഴുക്കിനെ ബാധിച്ചു. നായകന്‍ അജിന്‍ക്യ രഹാനെ (10), ദിനേഷ് കാര്‍ത്തിക് (4) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ചേതേശ്വര്‍ പുജാര (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ (10*), രവിചന്ദ്ര അശ്വിന്‍ (7*) എന്നിവരാണ് ക്രീസില്‍.
അഫ്ഗാനിസ്താന് വേണ്ടി യാമിന്‍ അഹ്മദ്‌സായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വഫേദാര്‍, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it