Kottayam Local

ദേശീയ ഭാരോദ്വഹനം: എരുമേലിയുടെ അഭിമാനമായി ലിബിന്‍



എരുമേലി: 10ാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാഹനങ്ങളുടെ ബാറ്ററി സര്‍വീസിങ് ജോലിയില്‍ അച്ഛനെ സഹായിക്കാനായി കാറിന്റെ മുന്‍വശം ഇരുകൈകളിലും അനായാസമുയര്‍ത്തിയപ്പോള്‍ ഒരുപക്ഷേ, ലിബിന്‍ വിചാരിച്ചുകാണില്ല ഭാരോദ്വഹനത്തില്‍ താന്‍ ദേശീയ ചാംപ്യനാവുമെന്ന്. ഇക്കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂരില്‍ നടന്ന ദേശീയ പവര്‍ലിഫ്റ്റിങ് ഒളിംപിക്‌സിലാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ 120 കിലോഗ്രാം മല്‍സരത്തില്‍ വിവിധ ഇനങ്ങളിലായി 315 കിലോ ഭാരമുയര്‍ത്തി ലിബിന്‍ മൂന്നാമതെത്തി വെങ്കലം നേടിയത്. മുക്കൂട്ടുതറ 35 ചെങ്ക്രോത്ത് ജോര്‍ജ് ജേക്കബിന്റെയും ജീന ജേക്കബിന്റെയും മകനാണ് ലിബിന്‍ (17). വിദ്യാര്‍ഥിനിയായ ലിസ് ജേക്കബ് സഹോദരിയാണ്. കോരുത്തോട് സി കേശവന്‍ സ്മാരകസ്‌കൂളില്‍ പ്ലസ്ടു പഠനം കഴിഞ്ഞ ലിബിന്‍ ഇപ്പോള്‍ കാഞ്ഞിരപ്പളളി എസ്ഡി കോളജില്‍ ഡിഗ്രി പഠിക്കാനൊരുങ്ങുകയാണ്. ഈ മാസം ഒടുവില്‍ കണ്ണൂരില്‍ സൗത്ത് ഇന്ത്യാ തലത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ലിബിന്‍ പങ്കെടുക്കുന്നുണ്ട്. സ്‌കൂള്‍ തലത്തില്‍ പവര്‍ ലിഫ്റ്റിങില്‍ സബ് ജില്ലാ, ജില്ലാതല മല്‍സരങ്ങളിലെല്ലാം ലിബിനായിരുന്നു ഒന്നാം സ്ഥാനം. തുടര്‍ന്ന് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുത്തെങ്കിലും വിജയിക്കാനായില്ല. പ്ലസ് ടു കഴിഞ്ഞ് അടുത്തിടെ കൂട്ടുകാര്‍ക്കൊപ്പം കോട്ടയത്ത് കരിയര്‍ കൗണ്‍സലിങില്‍ പങ്കെടുത്തപ്പോഴാണ് വീണ്ടും മല്‍സര രംഗത്തേക്കുള്ള വഴിതുറക്കുന്നത്. ലിബിന്റെ കഴിവ് തിരിച്ചറിഞ്ഞ ബോക്‌സിങ് പരിശീലകന്‍ ജവഹറായിരുന്നു അഭിമാനനേട്ടത്തിന് നിമിത്തമായത്. ജവഹറിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തി പവര്‍ ലിഫ്റ്റിങ് കോച്ചായ ജോസില്‍നിന്നും രണ്ടുദിവസത്തെ പരിശീലനം. അടുത്തദിവസം ആലപ്പുഴയില്‍ നടന്ന സംസ്ഥാനതല മല്‍സരത്തില്‍ ലിബിന്‍ ഒന്നാമതെത്തി. മല്‍സരത്തിലെ സാങ്കേതികവും പ്രഫഷനലുമായ കാര്യങ്ങള്‍ ആദ്യമായി അഭ്യസിച്ച് ഒന്നാം സ്ഥാനം നേടിയതോടെയാണ് ദേശീയതല മല്‍സരത്തിലേക്ക് ഉടന്‍ തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെയും ഇന്റര്‍നാഷനല്‍ ആന്റ് ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ഫെഡറേഷന്റെയും സഹകരണത്തോടെ ദേശീയ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍ സംഘടിപ്പിച്ച മല്‍സരത്തിലാണ് ലിബിന്‍ വെങ്കല മെഡലില്‍ മുത്തമിടുന്നത്. പൗരാവലിയുടെ നേതൃത്വത്തില്‍ ലിബിനു സ്വീകരണവും ഉപഹാരവും നല്‍കുമെന്ന് വാര്‍ഡംഗം പ്രകാശ് പുളിക്കന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it