ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കന്യാകുമാരി, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ ഓഖി ചുഴലിക്കൊടുങ്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഈ മൂന്നിടങ്ങളിലെയും സ്ഥിതിഗതികള്‍ നേരിടുന്നതിന് അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മ ആ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയിരിക്കുകയാണെന്നും  ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള അഭിപ്രായഭിന്നത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഉറ്റവരെ കാണാതായതിനെത്തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്ന ജനങ്ങളെ അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കുന്നതി ല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
യഥാര്‍ഥത്തിലുള്ള വിവരങ്ങള്‍ കിട്ടാതെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. പൂന്തുറയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കഴിഞ്ഞ ദിവസംതന്നെ മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും ഫിഷറീസ് മന്ത്രിയോടും ഫോണില്‍ താന്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. രണ്ട് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് ചെന്നു എന്നല്ലാതെ കണ്‍ട്രോള്‍ റൂം തുറന്നിട്ടില്ല. വിവരംകിട്ടാതെ പരിഭ്രാന്തിയുള്ളതിനാലാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും മറ്റും ചെയ്യുന്നത്. പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ച 15,000 രൂപയുടെ ധനസഹായം വളരെ കുറവാണ്. അത് 50,000 രൂപയെങ്കിലുമാക്കണം.  കടല്‍ത്തീരത്ത് മാത്രമല്ല സംസ്ഥാനത്തിന്റെ മറ്റ്  ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.ഇവയുടെ കണക്കെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it