ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്‌ : രണ്ടാംദിനം കേരളത്തിന്റെ വന്‍ തിരിച്ചുവരവ്



ഭോപ്പാല്‍: ട്രാക്കിനങ്ങളിലെ മിന്നും പ്രകടനത്തോടെ ദേശീയ സ്‌കൂള്‍ ജൂനിയര്‍ മീറ്റിന്റെ രണ്ടാം ദിനത്തില്‍ തമിഴ്‌നാടിനെ പിന്തള്ളി നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന്റെ തിരിച്ചു വരവ്. ആദ്യ ദിനം എട്ടു പോയിന്റുമായി മുന്നില്‍ നിന്ന തമിഴ്‌നാടിനെ 33 പോയിന്റ് നേടി പിന്നിലാക്കിയാണ് കേരളം മറികടന്നത്.  അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കമാണ് കേരളം കുതിപ്പ് തുടരുന്നത്. പതിനേഴ് പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്. മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ പതിനൊന്ന് ഇനങ്ങളിലാണ് ജേതാക്കളെ നിശ്ചയിച്ചത്. ഇതില്‍ നിന്നും രണ്ട് റെക്കോഡുകളടക്കം അഞ്ച് സ്വര്‍ണമാണ് ഇന്നലെ കേരളത്തിന്റെ കുട്ടികള്‍ നേടിയെടുത്തത്. നൂറ് മീറ്റര്‍, ലോങ്ജംപ് ഇനങ്ങളില്‍ ആന്‍സി സോജന്‍, 1500 മീറ്ററില്‍ സി ചാന്ദ്‌നി, 400 മീറ്ററില്‍ പ്രസ്‌കില്ല ഡാനിയേല്‍, 400 മീറ്ററില്‍ അഭിഷേക് മാത്യു എന്നിവരാണ് ഇന്നലെ കേരളത്തിന്റെ സ്വര്‍ണവേട്ടക്കാര്‍. പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ ആന്‍സിസോജന്‍, ഇതേയിനത്തില്‍ത്തന്നെ സാന്ദ്രബാബു എന്നിവരിലൂടെയാണ് കേരളം റെക്കോഡ് നേട്ടം കൈവരിച്ചത്.  ഒരു ദിനം വൈകിയാരംഭിച്ച ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റിന്റെ ആദ്യദിനം കേരളം നാലാംസ്ഥാനത്തായിരുന്നു. ആകെ നടന്ന രണ്ടു ഫൈനലുകളില്‍ വെങ്കലം മാത്രമായിരുന്നു കേരളത്തിന് നേടാനായത്. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കുമരംപത്തൂര്‍ കല്ലടി എച്ച്എസിലെ ആര്‍ ശ്രീലക്ഷ്മി, ഹാമര്‍ത്രോയില്‍ മാതിരപ്പള്ളി ഗവ. വിച്ച്എസ്എസിലെ കെസിയ മറിയം ബെന്നി എന്നിവരായിരുന്നു വെങ്കലമണിഞ്ഞത്. ആദ്യദിനം നടന്ന രണ്ടു ഫൈനലുകളിലും റെക്കോര്‍ഡ് പിറക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആദ്യശ്രമത്തില്‍ത്തന്നെ 3.70 മീറ്റര്‍ കീഴടക്കിയ തമിഴ്‌നാടിന്റെ ടി സത്യ, 49.75 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞിട്ടു സ്വന്തം പേരിലെ റെക്കോര്‍ഡ് (46.35) തിരുത്തിയ ഡല്‍ഹിയുടെ ഹര്‍ഷിത ഷെരാവത് എന്നിവരാണ് മേളയുടെ ആദ്യ ദിനം റെക്കോഡ് പ്രകടനം കാഴ്ചവച്ചത്. മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് പന്ത്രണ്ട് ഫൈനലുകളാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it