Alappuzha local

ദേശീയ ജലപാത യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

പൂച്ചാക്കല്‍: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഏറെ സഹായകരമാവുന്ന ദേശീയജലപാത കേരളത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാണാവള്ളി ബോട്ട് സ്‌റ്റേഷന്റെ പുതിയ മന്ദിരത്തിന്റെയും രക്ഷാ ബോട്ടിന്റെയും  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1700 കിലോമീറ്റര്‍ വരുന്ന ജലപാത നമുക്കുണ്ട്.
മദ്ധ്യകേരളത്തിന്റെ വ്യാപാര സാധ്യതകള്‍ കണക്കിലെടുത്ത് ദേശീയ ജലപാത യാഥാര്‍ഥ്യമാക്കാന്‍ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിച്ചിട്ടുണ്ട്.  കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തെ കൂടി അതില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം ഇത്  അംഗീകരിച്ചതോടെ ജലപാത യാഥാര്‍ത്ഥ്യമാകുന്നതിനുള്ള  വഴി തുറന്നിരിക്കുകയാണ്. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നിവിടങ്ങളിലേക്ക് ആംബുലന്‍സിന്റെ എല്ലാ സൗകര്യങ്ങളുമുള്ള റസ്‌ക്യൂ ബോട്ടിന്റെ ആദ്യ ഉദ്ഘാടനവും പിണറായി വിജയന്‍ നിര്‍വഹിച്ചു.  പെരുമ്പളം ദ്വീപില്‍ ഉള്ളവര്‍ക്കും സ്വന്തമായി വാഹനസൗകര്യം ഇല്ലാത്തവര്‍ക്കും ഉടനടി വൈദ്യസഹായം എത്തിക്കാനാണ് ജലഗതാഗത വകുപ്പിന്റെ റസ്‌ക്യൂ ബോട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.  14 പുതിയ ബോട്ടുകള്‍ ജലഗതാഗത വകുപ്പ് പുറത്തിറക്കിയിട്ടുണ്ട് .
കൂടുതല്‍ സോളാര്‍ ബോട്ടുകളും ഇറക്കും.  1.5 കോടി രൂപ ചെലവിലാണ് ബോട്ട് സ്‌റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത് . എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍പ്പെടുത്തി 33.5 ലക്ഷം രൂപ ചെലവില്‍ ഡീസല്‍ ടാങ്ക്,  മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി.യും ജലഗതാഗത വകുപ്പും വലിയ മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു.
സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി.  അഡ്വ.എ.എം.ആരിഫ് എംഎല്‍എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍,  ജില്ലാപഞ്ചായത്തംഗം പിഎംപ്രമോദ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല സെല്‍വരാജ്,  പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജേഷ് വിവേകാനന്ദ, കെ.എസ് ഷിബു,  പാണാവള്ളി ഗ്രാമപഞ്ചായത്ത് അംഗം വിനീഷ് കുമാര്‍,  കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it