Flash News

ദേശീയപാത തന്നെ : എക്‌സൈസിനെ തള്ളി പൊതുമരാമത്ത് വകുപ്പിന്റെ സത്യവാങ്മൂലം



കൊച്ചി: ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറന്നുകൊടുത്ത സംഭവത്തില്‍ എക്‌സൈസ് വകുപ്പിനെ തള്ളി പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കണ്ണൂര്‍-കുറ്റിപ്പുറം പാത ദേശീയപാത തന്നെയെന്നു വ്യക്തമാക്കിയാണ് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതേത്തുടര്‍ന്ന് ദേശീയപാതയോരത്ത് ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജി കോടതി തീര്‍പ്പാക്കി. പൊതുമരാമത്ത് വകുപ്പും എക്‌സൈസും തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവാണ് ബാര്‍ തുറക്കാന്‍ ഇടയാക്കിയതെന്നു കോടതി പറഞ്ഞു. ഈ പാത ദേശീയപാതയല്ലെന്നാണ് സംസ്ഥാന സര്‍ക്കാരും എക്‌സൈസും ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ സംശയവുമില്ലെന്നും അത് ദേശീയപാത തന്നെയാണെന്നുമാണ് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. 2017 ജനുവരി ഒന്നു മുതലുള്ള കണക്കുകള്‍പ്രകാരം കണ്ണൂര്‍-കുറ്റിപ്പുറം റോഡും ചേര്‍ത്തല-തിരുവനന്തപുരം റോഡും ദേശീയപാത തന്നെയാണ്. ഇത് അറ്റകുറ്റപ്പണികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയ പാതകളാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഈ പാത സംബന്ധിച്ചു വിശദീകരണം തേടിയിരുന്നുവെങ്കിലും ഇതുവരെ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, കഴക്കൂട്ടം-ചേര്‍ത്തല റോഡിന്റെ കാര്യത്തില്‍ തിരുവനന്തപുരം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിശദീകരണം ആരായുകയും അത് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഫയലുകളുമായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് നേരിട്ടു ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇന്ന് ഉച്ചയ്ക്കു ഹാജരാവുന്നതിന് മുന്നോടിയായാണ് പൊതുമരാമത്ത് വകുപ്പ് സത്യവാങ്മൂലം നല്‍കിയത്.  ദേശീയപാതയോരത്ത് മദ്യശാല പാടില്ലെന്ന സുപ്രിംകോടതി വിധി ലംഘിക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്ന്  കോടതി വ്യക്തമാക്കി.  13 മദ്യശാലകള്‍ തുറന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. വിധിപ്പകര്‍പ്പ് വായിക്കാതെ വിമര്‍ശനം നടത്തിയതിന് സുധീരനെ കോടതി വാക്കാല്‍ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it