ദേശീയപാതാ വികസനം: കേന്ദ്രത്തിന് അനുകൂല നിലപാട്- പിണറായി വിജയന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തു കൂടി കടന്നുപോവുന്ന ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുത്തു നല്‍കിയാല്‍ ദേശീയപാതാ വികസനം വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രത്തെ അറിയിച്ചു. തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം പാതയുടെ വികസന കാര്യത്തില്‍ ഭൂമിയുടെ വിലയാണ് പ്രശ്‌നമായത്. അവിടെ ഭൂമിക്കു വില കൂടുതലാണെന്ന നിലപാടാണു കേന്ദ്രസര്‍ക്കാരിനുള്ളത്. എന്നാല്‍, നിലവിലുള്ള വില അനുസരിച്ചാണ് ജില്ലാ കലക്ടര്‍ ഭൂമി ഏറ്റെടുത്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിരക്കാണ് കലക്ടര്‍ പരിഗണിച്ചത്. ഇതിനോടു മന്ത്രാലയം യോജിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ കാര്യത്തില്‍ മുമ്പ് 59 പദ്ധതികളാണു ചര്‍ച്ച ചെയ്തത്. എന്നാല്‍, മൂന്നെണ്ണം മാത്രമാണു നടപ്പാക്കിയത്. 192 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നപ്പോള്‍ 18 കിലോമീറ്റര്‍ മാത്രമാണ് അംഗീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ജലപാതാ വികസനത്തിന്റെ കാര്യത്തില്‍ കൊല്ലം-കോഴിക്കോട്-ഹൊസ്ദുര്‍ഗ് പാത ബേക്കല്‍ വരെയും കോവളം വരെയും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. അതിന്റെ ഭാഗമായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് സിയാലുമായി ചേര്‍ന്നു രൂപം നല്‍കും. ഇതിന് 5000 കോടി രൂപ ചെലവു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it