malappuram local

ദേശീയപാതാ വികസനംസ്ഥലം അടയാളപ്പെടുത്തല്‍ നാളെ ആരംഭിക്കും

മലപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടിയുടെ പ്രാരംഭഘട്ടം തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ദേശീയപാത കടന്നുപോവുന്ന ഇടങ്ങളിലെ ജന്രതിനിധികളുമായി നടത്തിയ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയ ബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നവംബറില്‍ റോഡ് നിര്‍മാണം ആരംഭിക്കേണ്ടതുണ്ട്. 19ന് റോഡിന്റെ സെന്റര്‍ മാര്‍ക്കിങും സൈഡ് മാര്‍ക്കിങും തുടങ്ങും. ഒരു ദിവസം മൂന്നു കിലോമീറ്റീറാണ് അടയാളപ്പെടുത്തുക. പോലിസിന്റെ സുരക്ഷയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും കലക്ടര്‍ പറഞ്ഞു.     സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നു സമ്മതിച്ച കലക്ടര്‍ 2013ലെ ദേശീയപാത സ്ഥലം ഏറ്റെടുപ്പ് നിയമപ്രകാരം ഉയര്‍ന്ന നഷ്ടപരിഹാരമാണ് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ലഭിക്കുകയെന്നും വ്യക്തമാക്കി. ഏപ്രില്‍ മൂന്നു മുതല്‍ പരാതി അറിയിക്കാം.
41 ദിവസത്തിനുള്ളില്‍ ഇവക്ക് പരിഹാരം കാണും. ഭൂമി നഷ്ടപ്പെടുന്നവരുടെ പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാണ്. നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളിലും സംശയ ദൂരീകരണം നടത്തും. സംഘടനകളുമായല്ല ഭൂമി നഷ്ടപ്പെടുന്നവരുടെ പരാതി മാത്രമേ കേള്‍ക്കുകയുള്ളൂ. നിരവധി സംഘടനകള്‍ രംഗത്തുണ്ടെന്നും അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ദേശീയപാത നിര്‍മാണം ഒരു കാരണവശാലും നിര്‍ത്തിവയ്ക്കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു. നവംബറില്‍ ജോലി തുടങ്ങണമെങ്കില്‍ തടസമില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്.     കേന്ദ്ര സര്‍ക്കാറിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ നമ്പര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തും. തുടര്‍നടപടിയായി മാര്‍ക്കിങ് നടത്തി സ്ഥലം വേര്‍തിരിക്കും.
19ന് മാര്‍ക്കിങ് തുടങ്ങുന്നതിനാല്‍ നാളെ കുറ്റിപ്പുറം മേഖലയില്‍ സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. അലൈന്‍മെന്റില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നു പ്രവശ്യം അലൈന്‍മെന്റ് മാറ്റിയിരുന്നു. ഇപ്പോഴുള്ളത് നാലാമത് ഇറക്കിയ അലൈന്‍മെന്റാണ്. ദേശീയപാത വികസനത്തില്‍ ചില ആരാധനാലയങ്ങള്‍ പൊളിക്കേണ്ടിവരുമെന്നും ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it