malappuram local

ദേശീയപാതാ വികസനംസര്‍വകലാശാലയുടെ ജലസംഭരണി ഇല്ലാതാവുന്നത് പ്രതിസന്ധിക്കിടയാക്കും

തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതോടെ കാലിക്കറ്റ് സര്‍വകലാശാലയുടെ പടിക്കലിലുള്ള ജലസംഭരണി ഇല്ലാതാകും. കടലുണ്ടിപ്പുഴ കടന്നുപോകുന്ന മൂന്നിയൂര്‍ പാറക്കടവിലെ പമ്പ് ഹൗസില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി കൊണ്ടുവരുന്ന ജലം പടിക്കലിലെ  പമ്പ് ഹൗസില്‍ നിന്നും ബൂസ്റ്റര്‍ ചെയ്ത ശേഷം തേഞ്ഞിപ്പലത്തെ സര്‍വകലാശാല കാംപസിലെ ജലസംഭരണിയിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുകയാണിപ്പോള്‍.
പടിക്കലിലെ ജലസംഭരണ സംവിധാനം ഇല്ലാതായാല്‍ സര്‍വകലാശാല കാംപസിലേക്ക് ജലമെത്തിക്കുന്നത് പ്രതിസന്ധിയിലാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാല എഞ്ചിനീയറിംഗ് വിഭാഗം വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിന് കത്ത് നല്‍കിയിട്ടുണ്ട്. ദേശീയപാത വികസനത്തോടെ പടിക്കലില്‍ വര്‍ഷങ്ങള്‍ മുമ്പ് സര്‍വകലാശാല പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ് നഷ്ടമാകുന്നത്.
പുതിയ സാഹചര്യത്തില്‍ ഭൂമി വാങ്ങി ജലസംഭരണിയും മറ്റ് സംവിധാനങ്ങളും ഒരുക്കാന്‍ പ്രയാസകരമാകും. അതിനാല്‍ സര്‍വകലാശാലയിലേക്കുള്ള ജലവിതരണം തടസ്സപ്പെടാതിരിക്കാന്‍ മൂന്നിയൂരിലെ പാറക്കടവിലെ പമ്പ് ഹൗസില്‍ ശക്തിയേറിയ മോട്ടോര്‍ വാങ്ങി സ്ഥാപിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിലെ സാധ്യത പഠിക്കാന്‍ സര്‍വകലാശാല എഞ്ചിനീയറിംഗ് വിഭാഗത്തിന് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയപാത വികസന നടപടികളുമായി സര്‍ക്കാര്‍ വളരെ വേഗത്തില്‍ മുന്നോട്ടുപോകുന്നതിനാല്‍ ബദല്‍ സംവിധാനമൊരുക്കാന്‍ കാലതാമസമെടുത്താല്‍ സര്‍വകലാശാലയ്ക്കത് തിരിച്ചടിയാകും. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് സര്‍വകലാശാല എഞ്ചിനീയറിംഗ് വിഭാഗം വിഷയത്തിന്റെ ഗൗരവം വൈസ് ചാന്‍സലറെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it