Flash News

ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടണം ; സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം



കൊച്ചി: ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മദ്യശാലകള്‍ തുറക്കുന്നതിനെതിരേ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹീംകുട്ടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ദേശീയപാതയ്ക്ക് അടുത്തുള്ളവയല്ലെങ്കില്‍ അപേക്ഷ പരിഗണിക്കണമെന്നാണു നിര്‍ദേശം നല്‍കിയത്. മുഴുവന്‍ മദ്യശാലകളും തുറക്കാന്‍ പറഞ്ഞിട്ടില്ല. ദേശീയപാതയാണെന്ന് മന്ത്രിക്കറിയാമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ട് അറിയില്ലെന്നും കോടതി ചോദിച്ചു. ദേശീയ, സംസ്ഥാന പാതകളല്ലെങ്കില്‍ മാത്രമേ മദ്യശാല തുറക്കാന്‍ അനുമതി നല്‍കാവൂ എന്ന് വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മദ്യശാലകള്‍ തുറന്നുകൊടുത്തിട്ടുണ്ടെങ്കില്‍ വിധിക്ക് വിരുദ്ധമായാണ് ചെയ്തിരിക്കുന്നതെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. മദ്യശാല തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളിലും ഇന്ന് ഉച്ചയ്ക്കു വിശദമായ വാദം കേട്ട് അന്തിമവിധി പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. ഈ കേസില്‍ വാദം തുടരുന്നതിനിടെ വി എം സുധീരനു വേണ്ടി അഭിഭാഷകന്‍ ഹാജരായ ഘട്ടത്തില്‍ അദ്ദേഹത്തിനെതിരേയും കോടതി പരാമര്‍ശം നടത്തി. വിധിക്കെതിരായ സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കോടതിയുടെ വിമര്‍ശനത്തിനു കാരണം. വിധി ദുരൂഹമെന്നാണ് സുധീരന്‍ വിശേഷിപ്പിച്ചിരുന്നത്. ദുരൂഹമെന്നത് സൂക്ഷിച്ച് ഉപയോഗിക്കേണ്ട പദമാണെന്നും ഇക്കാര്യം സുധീരനെ ഓര്‍മിപ്പിക്കണമെന്നും കോടതി പറഞ്ഞു. കോടതി പറയാത്ത കാര്യങ്ങളാണ് വിധി വ്യാഖ്യാനിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പും എക്‌സൈസ് വകുപ്പും നടത്തിയത്. വിധിയില്‍ അവ്യക്തത ഉണ്ടായിരുന്നുവെങ്കില്‍ നടപ്പാക്കാന്‍ പാടില്ലായിരുന്നു. വിധി നടപ്പാക്കുന്നതിനു മുമ്പ് സര്‍ക്കാരിന് കോടതിയെ സമീപിക്കാമായിരുന്നു. വിധിന്യായം വായിച്ചുനോക്കാനും ഹരജി പരിഗണിക്കവെ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു. അതേസമയം ഇബ്രാഹീംകുട്ടി നല്‍കിയ ഹരജിയില്‍ വിധി വരുന്നതു വരെ ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കരുതെന്നും കോടതി ഉത്തരവിട്ടു. കണ്ണൂര്‍-വെങ്ങളം-കുറ്റിപ്പുറം, ചേര്‍ത്തല-ഓച്ചിറ-തിരുവനന്തപുരം ഭാഗങ്ങളിലെ മദ്യശാലകള്‍ തുറക്കുന്നതിനാണ് നിയന്ത്രണം.
Next Story

RELATED STORIES

Share it