ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം; നാല് ആഴ്ചയ്ക്കകം അഭിപ്രായം അറിയിക്കണം: സുപ്രിംകോടതി

കല്‍പറ്റ: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസില്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപോര്‍ട്ടിന്മേ ല്‍ നാല് ആഴ്ചയ്ക്കകം അഭിപ്രായം അറിയിക്കണമെന്ന് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. കേസില്‍ താല്‍ക്കാലിക ആശ്വാസം ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍എച്ച് ആ ന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഫയല്‍ ചെയ്ത അടിയന്തര ഹരജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ദേശം.
പ്രശ്‌നപരിഹാരം സംബന്ധിച്ച് സുപ്രിംകോടതി നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം സെക്രട്ടറിയുമായ വൈ എസ് മാലിക് കഴിഞ്ഞയാഴ്ച സുപ്രിംകോടതിയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ കേസ് പരിഗണനയ്‌ക്കെടുത്തത്. എന്നാല്‍ കേരള, കര്‍ണാടക സര്‍ക്കാരുകള്‍ റിപോര്‍ട്ട് സംബന്ധിച്ച് അഭിപ്രായം നല്‍കാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിവയ്‌ക്കേണ്ടിവരുകയായിരുന്നു.
രാത്രിയാത്രാ നിരോധനത്തിന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ച ബദല്‍ പാത പരിഹാരമല്ലെന്ന് റിപോര്‍ട്ടിലുണ്ട്. 44 കിലോമീറ്റര്‍ ദൂരം കൂടുതലുള്ളതും ദുര്‍ഘട മേഖലയിലൂടെ കടന്നുപോകുന്നതുമായ പാത ദേശീയപാതയ്ക്ക് ബദലാവില്ല. ഈ പാതയിലൂടെയുള്ള യാത്രയില്‍ ഇന്ധനനഷ്ടവും സമയനഷ്ടവും കൂടുതലാണ്. നിലവിലുള്ള ദേശീയപാതയില്‍ തന്നെ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി 24 മണിക്കൂറും ഗതാഗതം സാധ്യമാക്കുകയാണ് അഭികാ മ്യമെന്ന് റിപോര്‍ട്ട് പറയുന്നു. ഇതിനായി ദേശീയപാതയില്‍ കര്‍ണാടക ഭാഗത്ത് നാലും വയനാട്ടില്‍ ഒന്നുമടക്കം ഒരു കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കണം. ബാക്കിയുള്ള സ്ഥലങ്ങളില്‍ ആവശ്യാനുസരണം പൈപ്പ് ടണലുകളും ചെറിയ ജീവികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ആവശ്യമായ സംവിധാനങ്ങളുമൊരുക്കണം. മേല്‍പ്പാലങ്ങളൊഴികെ റോഡിന് ഇരുഭാഗവും എട്ടടി ഉയരത്തില്‍ വേലി കെട്ടി മൃഗങ്ങള്‍ റോഡിലേക്ക് ഇറങ്ങി അപകടമുണ്ടാക്കുന്നത് തടയണം. റോഡിന് ഇരുവശവും ജൈവവേലി കൂടി നിര്‍മിച്ച് ശബ്ദവും വെളിച്ചവും വനത്തിലേക്ക് എത്തുന്നതിന് കുറവുണ്ടാക്കുകയും ചെയ്യാം. 458 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായുള്ള ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ പകുതി തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതി തുക കേരള സര്‍ക്കാര്‍ നല്‍കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സഹകരിക്കണമെന്നും റിപോര്‍ട്ടിലുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ഊട്ടി-മൈസൂര്‍ പാതയിലെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കേണ്ടതില്ലെന്ന് അറിയിച്ചതിനാല്‍ അവിടെ നിരോധനം തുടരാമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
റിപോര്‍ട്ടിനോട് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 229 കോടിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് നേരത്തേ മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടത്.



Next Story

RELATED STORIES

Share it