ദേശീയദുരന്തമായി പ്രഖ്യാപിക്കണം:കെ വി തോമസ് എംപി

കൊച്ചി: ഓഖി കൊടുങ്കാറ്റിനെ തുടര്‍ന്നു തീരദേശ മേഖലയിലുണ്ടായ ദുരിതങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്നു കെ വി തോമസ് എംപി. മന്ത്രിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കോ-ഓഡിനേഷന്‍ ശക്തമാക്കണമെന്നും കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്നു 115 ബോട്ടുകളാണ് ഓഖി കൊടുങ്കാറ്റിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ മല്‍സ്യബന്ധനത്തിനു പോയത്. ഇവയില്‍ നാലെണ്ണമെ തിരികെ എത്തിയിട്ടുള്ളൂ. ബോട്ടുകളുടെ നാവിഗേഷന്‍ സംവിധാനങ്ങളടക്കം നഷ്ടപ്പെട്ട വകയില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശമാണു സംഭവിച്ചിരിക്കുന്നത്. ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും പെട്ട് 75 മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് വരെ ബോട്ടുകള്‍ ഒഴുകിപ്പോയെന്നു രക്ഷപ്പെട്ടവര്‍ പറയുന്നു. ഇക്കാര്യം രക്ഷാപ്രവര്‍ത്തക സംഘം പരിഗണിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. അതേസമയം, തീരദേശ മേഖലയിലെ ദുരിത കേന്ദ്രങ്ങളിലെത്തിയ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ഈ അവസരത്തിലും രാഷ്ട്രീയം പറയുന്നതു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മറയ്ക്കാനാണെന്നും കെ വി തോമസ് എംപി ആരോപിച്ചു. ഈ സമീപനം ശരിയല്ല. സുനാമി ദുരന്തത്തേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അവര്‍ പറയുന്നത്. അതു രാഷ്ട്രീയമാണ്. 2004ലെ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം കുറ്റമറ്റതും സമാനതകളില്ലാത്തതുമായിരുന്നു. ഒരു ചെറിയ പ്രതിഷേധം പോലും ഒരിടത്തുമുയര്‍ന്നില്ല. എന്നിട്ടും അതിനേക്കാള്‍ മികച്ചതെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും പ്രഫ. കെ വി തോമസ് എം പി ചോദിച്ചു.
Next Story

RELATED STORIES

Share it