'ദേശര്‍കഥ'യുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത് ഫാഷിസം: കോടിയേരി

തിരുവനന്തപുരം: ത്രിപുരയിലെ സിപിഎം മുഖപത്രമായ ദേശര്‍കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി ഫാഷിസമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി. 40 വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന ത്രിപുരയിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രത്തിന്റെ രജിസ്‌ട്രേഷന്‍ നിരസിച്ച ബിജെപി സര്‍ക്കാര്‍ നടപടി മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ രാഷ്ട്രത്തിനാകെ കളങ്കമായി.
ബാലിശമായ കാരണം വ്യാജമായി കണ്ടെത്തിയാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്‌നമായ കൈയേറ്റമാണ് ഇത്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ത്രിപുരയില്‍ അധികാരത്തില്‍ വന്നശേഷം പുരോഗമന മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരേ കടുത്ത കടന്നാക്രമണം നടത്തുകയാണ്.
അത് എല്ലാ ജീവിതമേഖലകളെയും ബാധിച്ചു. ബിജെപി സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗീയതയും തുറന്നുകാട്ടുന്ന പത്രത്തെ നിശബ്ദമാക്കാന്‍ സര്‍ക്കാരും ഹിന്ദുത്വ ശക്തികളും നിരന്തരമായി പരിശ്രമിച്ചുവരികയാണ്.
സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ പത്രം കൊണ്ടുപോവുന്നത് തടഞ്ഞു. പത്രവിതരണം ആര്‍എസ്എസുകാര്‍ തടസ്സപ്പെടുത്തി. പത്രക്കെട്ടുകള്‍ പലേടത്തും തീയിട്ടു. അഞ്ചിടത്ത് പത്രറിപോര്‍ട്ടര്‍മാരെ ക്രൂരമായി മര്‍ദിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്നിലുണ്ട്.
ഇതിനു മധ്യേയാണ് ഞൊടിന്യായം പറഞ്ഞ് ത്രിപുര സര്‍ക്കാര്‍ കലക്ടര്‍ വഴി ആര്‍എന്‍എ രജിസ്‌ട്രേഷന്‍ പിന്‍വലിച്ചത്. ഇത് മോദി സര്‍ക്കാരുമായി നടത്തിയ ആലോചനയുടെ ഫലമാണ്. ഉന്നതതല ഗൂഢാലോചനയുടെ ഫലമായി ഇടതുപക്ഷ പത്രം പൂട്ടിച്ച ഫാഷിസ്റ്റ് നടപടിക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it