ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെതിരായ ഹരജി ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ശമ്പളത്തില്‍ നിന്നും ഉല്‍സവബത്തയില്‍ നിന്നും പണം പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെതിരായ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. സ്വമേധയാ ജീവനക്കാര്‍ ഉദ്ദേശിക്കുന്ന വിധം നല്‍കേണ്ട സംഭാവന നിര്‍ബന്ധപൂര്‍വം പിരിച്ചെടുക്കാനുള്ള നിയമവിരുദ്ധ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മുന്‍കൂര്‍ നോട്ടീസില്ലാതെയും ദേവസ്വം ബോര്‍ഡിലെ തൊഴിലാളി സംഘടനയുമായി ചര്‍ച്ച നടത്താതെയും ഏകപക്ഷീയമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പ്രളയം രൂക്ഷമായി ബാധിച്ച മാവേലിക്കര, അമ്പലപ്പുഴ, ഹരിപ്പാട്, ആറന്‍മുള, വടക്കന്‍ പറവൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങിയിടങ്ങളില്‍ നിന്ന് ഒേട്ടറെ ജീവനക്കാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഏറെ ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന ഇവരില്‍ നിന്നു നിര്‍ബന്ധിത സംഭാവന പിരിക്കല്‍ നടത്തുകയാണ്. നിയമത്തിന്റെ പിന്‍ബലമില്ലാത്ത നടപടിയാണിത്. ഇതു സംബന്ധിച്ച് സംഘടന നല്‍കിയ നിവേദനത്തില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.
ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പ്രളയത്തോടനുബന്ധിച്ച പുനര്‍ നിര്‍മാണത്തിനു പണം പിന്‍വലിക്കുന്നത് തടയണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. പണം പിന്‍വലിക്കാനുള്ള ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം. ഹരജി പരിഗണിച്ച കോടതി ഇത് ദേവസ്വം ബെഞ്ചിനു വിടുന്നതിനായി ചീഫ്ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് അയച്ചു.

Next Story

RELATED STORIES

Share it