Flash News

ദുരിതാശ്വാസ നിധിക്ക് പ്രത്യേക അക്കൗണ്ട് രൂപീകരിക്കില്ല

തിരുവനന്തപുരം/കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്കു മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂ. പ്രത്യേക അക്കൗണ്ട് രൂപീകരിക്കുന്നത് അനാവശ്യ കാലതാമസവും ഉണ്ടാക്കും. എന്നാല്‍, തുക വകമാറ്റി ചെലവഴിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രളയത്തിനായി ലഭിക്കുന്ന തുകയുടെ ധനവിനിയോഗത്തിന്റെ ഭാഗമായി പ്രത്യേകം കണക്കുണ്ടാവും. കണക്ക് പൊതുജനങ്ങള്‍ക്കു പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ഇന്നലെ വൈകീട്ടോടെ 1029.83 കോടിയായി.
അതേസമയം, പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് നിവേദനം നല്‍കി.
നിവേദനം പരിഗണിക്കുന്നതിനായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയതായി രാജ്ഭവനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തുക വകമാറ്റി ചെലവഴിക്കപ്പെടാതിരിക്കാന്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് ഒരു പ്രത്യേക അക്കൗണ്ടാക്കി മാറ്റണമെന്നാണ് ആവശ്യം. കൂടാതെ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും നിവേദനത്തില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it