ദുരിതാശ്വാസപ്രവര്‍ത്തനം സ്തംഭിക്കും: ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു പിന്നാലെ 14 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടി വിദേശപര്യടനത്തിനു പോവുമ്പോള്‍ സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പാടേ താളംതെറ്റുമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. ചികില്‍സാര്‍ഥമുള്ള മുഖ്യമന്ത്രിയുടെ യാത്ര ഒഴിവാക്കാനാവാത്തതാണെങ്കില്‍ മന്ത്രിമാരുടെ യാത്ര അസമയത്തുള്ളതാണ്. കേരളം പ്രളയക്കെടുതിയില്‍ നിന്നു പിച്ചവച്ചുതുടങ്ങുന്നതേയുള്ളു. ആയിരങ്ങള്‍ ഇനിയും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കേണ്ട ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമാണ് വിദേശത്തേക്കു പോവുന്നത്. ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മന്ത്രിമാരുടെ വിദേശയാത്ര മാറ്റിവയ്ക്കണമെന്നു ഹസന്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ യാതൊരു ഏകോപനവുമില്ലെന്ന് ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട എംഎല്‍എമാര്‍ വരെ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. പ്രളയക്കെടുതി സംബന്ധിച്ച അവസാന കണക്കുകള്‍ ഇനിയും തയ്യാറായിട്ടില്ല. കൂടുതല്‍ കേന്ദ്രസഹായം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ കണക്കും ആക്ഷന്‍ പ്ലാനും അടിയന്തരമായി നല്‍കേണ്ടതുണ്ട്. ഇതും അവതാളത്തിലാവാന്‍പോവുകയാണെന്ന് ഹസന്‍ പറഞ്ഞു. കേരളത്തിനു പുറത്തും വിദേശത്തുമുള്ള മലയാളികള്‍ കൈയയച്ചു സഹായിച്ച പണം ഇതിനോടകം വന്‍തോതില്‍ ദുരിതാശ്വാസനിധിയില്‍ എത്തിക്കഴിഞ്ഞു. കോടിക്കണക്കിനു രൂപയുടെ സാധനസാമഗ്രികളും അവര്‍ എത്തിച്ചു. ഇതെല്ലാം ഓണ്‍ലൈനില്‍ ചെയ്ത കാര്യങ്ങളാണ്. തുടര്‍ന്നും ഈ രീതിയില്‍ വിഭവസമാഹരണം നടത്താന്‍ സാധിക്കുമെന്നു ഹസന്‍ ചൂണ്ടിക്കാട്ടി. പ്രളയക്കെടുതിയിലേക്കു നല്‍കുന്ന പണം വിനിയോഗിക്കാന്‍ അതിനു മാത്രമായി പ്രത്യേക അക്കൗണ്ട് അടിയന്തരമായി തുറക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it