Flash News

ദുരഭിമാനക്കൊല സിപിഎം ഇടപെടല്‍ പുറത്തുവരാതിരിക്കാന്‍ പോലിസില്‍ സമ്മര്‍ദം

കോട്ടയം: കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോവുകയും കൊലപാതകത്തിലെത്തുകയും ചെയ്തതില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ പുറത്തുവരാതിരിക്കാന്‍ പോലിസില്‍ ഉന്നതതലങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടാവുന്നതായി ആക്ഷേപം.
കെവിന്റെ കൊലപാതകം പുറത്തുവന്നയുടന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പങ്ക് പുറത്തുവന്നിരുന്നു. പിടിയിലായവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. എന്നാല്‍, തുടര്‍ന്ന് സിപിഎമ്മിനെയും ഡിവൈഎഫ്‌ഐയെയും മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് പോലിസ് നടത്തിവരുന്നത്. അന്വേഷണച്ചുമതലയുള്ള എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ കെവിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പങ്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ കേസന്വേഷണം സിപിഎമ്മിലേക്കും ഡിവൈഎഫ്‌ഐയിലേക്കും നീങ്ങില്ലെന്ന കാര്യം ഉറപ്പായി. കെവിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായതോടെ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബുവിന്റെ സഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.
എസ്‌ഐയെ പ്രതിചേര്‍ക്കാന്‍ ആദ്യം നീക്കം നടന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കുകയാണുണ്ടായത്. അതേസമയം, എഎസ്‌ഐയെയും പോലിസ് ഡ്രൈവറെയും അറസ്റ്റുചെയ്യുകയും ചെയ്തു. എസ്‌ഐയ്‌ക്കെതിരേ അന്വേഷണമുണ്ടായാല്‍ ഉന്നതര്‍ പലരും കുടുങ്ങുമെന്നുള്ളതിനാലാണ് എസ്‌ഐയെ ഏതുവിധേനയും സംരക്ഷിക്കുന്നതെന്നാണ് വിവരം. കെവിന്റെ തട്ടിക്കൊണ്ടുപോവലില്‍ പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹായം ലഭിച്ചിരുന്നതായി പോലിസിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചതാണ്. തട്ടിക്കൊണ്ടുപോവാനെത്തിയ നീനുവിന്റെ സഹോദരനും സംഘത്തിനും കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട് കാണിച്ചുകൊടുത്തതിനു പിന്നില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായി സംസാരിക്കുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചതായാണ് വിവരം. ഉന്നതതല സമ്മര്‍ദമുണ്ടായതോടെ ഇതിന്റെ ചുവടുപിടിച്ച് പോലിസിന്റെ തുടരന്വേഷണമൊന്നുമുണ്ടായില്ല. കെവിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിക്കുകയും ചെയ്തു.
പിന്നീടങ്ങോട്ട് മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കവച്ചുവയ്ക്കുന്ന ഇടപെടലാണ് സിപിഎം നടത്തിയത്. കെവിന്റെ മൃതദേഹം സൂക്ഷിച്ച കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറി സിപിഎമ്മിന്റെ പൂര്‍ണനിയന്ത്രണത്തിലാക്കി. മൃതദേഹം ഏറ്റുവാങ്ങിയതും സിപിഎം പ്രവര്‍ത്തകരാണ്. സിപിഎമ്മിന്റെ നിരവധി പ്രവര്‍ത്തകര്‍ കെവിന്റെ വീട്ടില്‍ കൂട്ടസന്ദര്‍ശനമാണ് നടത്തിയത്. അതിനിടെ നീനുവിന് സര്‍ക്കാര്‍ ജോലിയും പഠനത്തിനുള്ള സഹായവും നല്‍കുന്നത് ആലോചിക്കുമെന്ന് കോടിയേരി പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടിക്കെതിരേ ആരോപണമുയര്‍ന്നതു മൂലമുണ്ടായ പ്രതിച്ഛായാനഷ്ടം നികത്താന്‍ തിങ്കളാഴ്ച തിരുനക്കര മൈതാനത്തു സിപിഎം വിശദീകരണ യോഗം നടത്തും.

Next Story

RELATED STORIES

Share it