Flash News

ദുരഭിമാനക്കൊല: കൂടുതല്‍ തെളിവുകള്‍ പുറത്ത്‌; സഹായിച്ചത് പോലിസ്‌

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്നു കൊല്ലപ്പെട്ട കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയതില്‍ പോലിസിന്റെ പങ്ക് വ്യക്തമാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. കെവിന്റെ ഭാര്യാസഹോദരനും കേസിലെ മുഖ്യപ്രതിയുമായ ഷാനു ചാക്കോയും ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവും തമ്മില്‍ രണ്ടു തവണ നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവന്നതോടെയാണ് തട്ടിക്കൊണ്ടുപോവല്‍ പോലിസിന്റെ അറിവോടെയാണെന്നു വ്യക്തമായത്.
തട്ടിക്കൊണ്ടുപോവല്‍ എസ്‌ഐയും അറിഞ്ഞിരുന്നുവെന്ന കൊല്ലപ്പെട്ട കെവിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍ പോലിസിനെ കൂടുതല്‍ കുരുക്കിലാക്കി. തങ്ങളെ തട്ടിക്കൊണ്ടുപോവുന്ന സമയത്ത് മുഖ്യപ്രതി ഷാനു ചാക്കോയുടെ ഫോണിലേക്ക് സ്ഥലം എസ്‌ഐ മൂന്നുതവണ വിളിച്ചിരുന്നുവെന്നും കാര്യങ്ങള്‍ തിരക്കിയെന്നുമാണ് അനീഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതില്‍ രണ്ടുതവണ എസ്‌ഐ ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. പോലിസുകാര്‍ക്ക് കൈക്കൂലി കൊടുത്തതിനുശേഷമായിരുന്നു തട്ടിക്കൊണ്ടുപോവല്‍. 10,000 രൂപ കൈക്കൂലി നല്‍കിയെന്നാണ് പറയുന്നത് കേട്ടത്. പ്രതികള്‍ വീടാക്രമിക്കുന്ന സമയത്ത് 100 മീറ്റര്‍ അപ്പുറത്ത് എസ്‌ഐ ഉണ്ടായിരുന്നതായും അനീഷ് വെളിപ്പെടുത്തി.
കൊലപാതകത്തിലെ പോലിസിന്റെ പങ്ക് പുറത്തുവന്നതിന് പിന്നാലെ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിനെയും പട്രോളിങ് സമയത്ത് വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ അജയകുമാറിനെയും കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ സസ്‌പെന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ പോലിസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്തുവരുന്ന ഇവരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. സുഹൃത്തുക്കള്‍ രാത്രി ഒരുമണി വരെ കെവിനൊപ്പം താമസസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അവര്‍ പോയ ഉടനെ വിവരം അക്രമിസംഘത്തെ അറിയിച്ചത് പട്രോളിങ് സംഘമാണെന്നും വിശദമായ ചോദ്യംചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അതിനിടെ, പോലിസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ ഏറ്റുമാനൂര്‍ സ്‌റ്റേഷനില്‍ നിന്ന് പോലിസ് ഡ്രൈവര്‍ ഇറങ്ങിയോടിയത് നാടകീയരംഗങ്ങള്‍ക്ക് ഇടയാക്കി. പോലിസ് വേഷത്തിലായിരുന്നു അജയകുമാര്‍. തുടര്‍ന്ന് കൂടെയുള്ള പോലിസുകാര്‍ ഇയാളെ വളഞ്ഞിട്ടുപിടിക്കുകയായിരുന്നു. കൊലയുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബുവിനെയും സ്റ്റേഷന്‍ ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്‌ഐ സണ്ണിയെയും നേരത്തേ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
എസ്‌ഐക്കെതിരേ കൃത്യവിലോപം മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ നിന്ന് കൈക്കൂലി അടക്കം വാങ്ങിയെന്ന കാര്യം പ്രത്യേകം അന്വേഷിക്കും. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണോ എന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും.
Next Story

RELATED STORIES

Share it