palakkad local

ദുരന്തഭീതി വിട്ടൊഴിയാതെ അട്ടപ്പാടി ചുരംയാത്ര

മണ്ണാര്‍ക്കാട്: ദുരന്തഭീതി വിട്ടൊഴിയാതെ അട്ടപ്പാടി ചുരം യാത്ര. ഉരുള്‍പ്പൊട്ടലും മഴക്കെടുതിയും താറുമാറാക്കിയ അട്ടപ്പാടി ചുരം റോഡിലൂടെയുള്ള യാത്ര ഇപ്പോഴും ഭീതി ജനകമാണ്. വശങ്ങളിലെ ഗര്‍ത്തങ്ങളിലേക്ക് ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന റോഡ്, മുകളില്‍ നിന്ന് ഉതിര്‍ന്നു വീഴാന്‍ കാത്തു നില്‍ക്കുന്ന ഭീമന്‍ പാറകള്‍, കാറ്റൊന്ന് ആഞ്ഞു വീശിയാല്‍ കടപുഴകാറായി നില്‍ക്കുന്ന മരങ്ങള്‍, ഏതു സമയവും ഇടിഞ്ഞ് വീഴാവുന്ന വിധത്തിലുള്ള കൂറ്റന്‍ മണ്‍ തിട്ടകള്‍. ഇതിനിടയിലുടെയാണ് ബസുകളിലും മറ്റു വാഹനങ്ങളിലുമായി ആയിരക്കണക്കിന് ആളുകള്‍ രാവും പകലും യാത്ര ചെയ്യുന്നത്. തീര്‍ത്തും ഭീതി ജനകമാണ് ഇതുവഴിയുള്ള യാത്ര. ആനമൂളി മുതല്‍ മുക്കാലി വരെയുളള്ള ചുരത്തിന്റെ പല ഭാഗത്തും റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. പലയിടത്തും റോഡിന്റെ മധ്യഭാഗം വരെ വിണ്ടു നില്‍ക്കുന്ന സ്ഥിതിയാണ്. എണ്‍പതുകളിലെ ചുരം റോഡിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ റോഡ്. മണ്ണിടിഞ്ഞും പാറ വീണും മരം വീണും ഗതാഗതം തടസപ്പെടുക മാത്രമാണു ഇതുവരെയുണ്ടായിട്ടുള്ളു. ഈ റോഡിലൂടെ ഈ വിധത്തില്‍ അധികം നാള്‍ യാത്ര ചെയ്യാനാവില്ല. അഞ്ചാം വളവുമുതല്‍ പലയിടത്തും റോഡ് കൊക്കയിലേക്ക് ഇടിഞ്ഞു വീണാണു കിടക്കുന്നത്. ഇവിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചെറിയൊരു വാഹനം തട്ടിയാല്‍ വീഴുന്ന ബാരിക്കേടുകളാണുള്ളത്. ബാരിക്കേഡെന്ന് പറഞ്ഞു കൂടാ. ഇരുമ്പുവേലിയെന്നു പറയുന്നതാവും കൂടുതല്‍ അനുയോജ്യം. റോഡു തകര്‍ന്ന ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത് കാരണം റോഡിന്റെ വീതി പകുതിയായി കുറഞ്ഞു. ചുരം പരിചയം ഇല്ലാത്തവര്‍ വാഹനം ഓടിക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ച് രാത്രി. ചുരം റോഡ് കൂപ്പ് റോഡിനെക്കാള്‍ മോശമായി. കുഴികളില്‍ ചാടിയുള്ള യാത്ര, യത്രക്കാരുടെ നട്ടെല്ലൊടിക്കുന്നു. ഒരുള്‍പൊട്ടി റോഡില്‍ വീണ മണ്ണും കല്ലും ഇപ്പോഴും റോഡിന്റെ വശങ്ങളില്‍ തന്നെ കിടക്കുകയാണ്. ഇവയില്‍ നിന്നുള്ള പൊടിയും യാത്രക്കാര്‍ക്ക് ദുരിതം ഉണ്ടാക്കുന്നു. ഉരുള്‍പൊട്ടലിനെ തുട്ര!ന്ന് തടസ്സപ്പെട്ട റോഡ് അടിയന്തിരമായി തടസം നീക്കിയതൊഴിച്ചാല്‍ റോഡിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി ഒന്നും ചെയ്തിട്ടില്ല. സമീപകാലത്തൊന്നും അട്ടപ്പാടി ചുരം യാത്ര ഇത്ര ഭീതിജനകവും ദുരിത പൂര്‍ണ്ണവുമായിരുന്നിട്ടില്ല. റോഡിന്റ് പുനരുദ്ധാരണത്തിനായി ആറു കോടിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡിലെ യാത്ര സുരക്ഷ ഉറപ്പാക്കിയില്ലങ്കില്‍ വലിയ വില നല്‍കേണ്ടി വരും.
Next Story

RELATED STORIES

Share it