ദുബയ് ഖുര്‍ആന്‍ പാരായണ മല്‍സരം: ഒന്നാം സമ്മാനം സൗദിക്ക്

ദുബയ്: ഇരുപതാമത് ദുബയ് രാജ്യാന്തര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ രണ്ടര ലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള ഒന്നാം സമ്മാനം സൗദി അറേബ്യയിലെ ഇരുപതുകാരനായ തുര്‍ക്കി ബിന്‍ മുഖ്‌റിന്‍ ബിന്‍ അഹ്മദ് കരസ്ഥമാക്കി. രണ്ടാം സമ്മാനം റഷ്യക്കാരനായ ബിലാല്‍ അബ്ദുല്‍ ഖാലിക്കോവ് എന്ന 17കാരനും അമേരിക്കയിലെ 14കാരനായ അദീന്‍ ഷഹ്‌സാദും പങ്കിട്ടു.
രണ്ടു ലക്ഷം വീതമാണ് സമ്മാനത്തുക. ലിബിയയിലെ അബ്ദുല്‍ റഹ്മാന്‍, ബംഗ്ലാദേശിലെ അബ്ദുല്ല അല്‍ മമൂന്‍, നൈജറിലെ ഇബ്രാഹീം ഇസ്മയില്‍, മൗറിത്താനിയ്യയിലെ ഇക്കാഹ, അള്‍ജീരിയയിലെ തൗഫീഖ്, ബഹ്‌റയ്‌നിലെ ജാസ്സിം ഖലീഫ, ജോര്‍ദ്ദാനിലെ മാലിക് അദ്‌നാന്‍ എന്നിവര്‍ ഏറ്റവും മികച്ച 10 പാരായണം വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍നിന്നായി 92 പേരാണ് ദുബയ് ചേംബര്‍ ഹാളില്‍ 12 ദിവസം നീണ്ട മല്‍സരത്തില്‍ പങ്കെടുത്തത്. മല്‍സരത്തോടനുബന്ധിച്ച് മികച്ച ഇസ്‌ലാമിക വ്യക്തിത്വമായി യുഎഇ ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് മുഹമ്മദ് അലി സുല്‍ത്താന്‍ അല്‍ ഉലമയെ തിരഞ്ഞെടുത്തു. 10 ലക്ഷം ദിര്‍ഹമാണ് ഈ പുരസ്‌കാരത്തിനു നല്‍കുക.
Next Story

RELATED STORIES

Share it