Gulf

ദുബയിലും ചക്ക താരമാകുന്നു

ദുബയിലും ചക്ക താരമാകുന്നു
X
ദുബയ്: ദേശീയ പഴമായതിനെ തുടര്‍ന്ന് കേരളത്തില്‍ ചക്കയ്ക്ക് മാന്യമായ സ്ഥാനം കൈവന്നതോടെ യുഎഇ അടക്കമുള്ള ഗള്‍ഫിലും പ്രിയമേറി. ഈ അവസരം മുതലാക്കാന്‍ യുഎഇയിലെ വിവിധ മലയാളി റസ്റ്ററന്റുകളില്‍ ചക്ക വിഭവങ്ങള്‍ സ്ഥാനം പിടിച്ചു. ദുബായിലെ കാലിക്കറ്റ് നോട്ടുബുക്ക് റസ്റ്ററന്റുകളില്‍ ഇരുപത്തഞ്ച് തരം ചക്ക വിഭവങ്ങളോടെ ഒരുക്കുന്ന നോമ്പുതുറയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.
പഴുത്ത ചക്ക അട, ചക്ക ചട്ടിപ്പത്തിരി, ചക്ക മസാല റോള്‍, ചക്ക എരിശ്ശേരി സമൂസ, ചക്കപ്പഴം ഉണ്ണിസുഖിയന്‍, ചക്ക ഹല്‍വ, ചക്ക കേസരി, ചക്ക കട് ലറ്റ് എന്നിവയടക്കം 20 തരം ചെറുകടികളും ചക്കപ്പുഴുക്ക്, ചക്കക്കുരു ബീഫ് ഉലത്തിയത്, ചക്ക ചേര്‍ത്തുള്ള മട്ടന്‍ വരട്ടിയത്, ചക്കയും ചിക്കനും ചേര്‍ത്തുള്ള കറി ഉള്‍പ്പെടെ 15 പ്രധാന ഭക്ഷണവുമാണ് ഇവിടത്തെ തീന്‍മേശയില്‍ അണിനിരക്കുന്നത്. ചക്ക വിഭവങ്ങള്‍ കഴിക്കാന്‍ മാത്രം നിത്യേന മലയാളികളോടൊപ്പം ഇതര രാജ്യക്കാരും എത്തുന്നതായി കാലിക്കറ്റ് നോട്ട്ബുക്ക് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഷെഫ് വിജീഷ് പറഞ്ഞു. ചക്ക വിഭവങ്ങളുടെ ഇഫ്താര്‍ കിറ്റും ഇവിടെ ലഭ്യമാണ്.
മലയാളികളെ സംബന്ധിച്ചിടത്തോളം ചക്ക ഗൃഹാതുരത്വമുണ്ടാക്കുന്ന പഴമാണ്. കേരളത്തിന്റെ ദേശീയ പഴമായി പ്രഖ്യാപിച്ചതോടെയാണ് ആളുകള്‍ ചക്കയുടെ ഗുണഫലം തിരിച്ചറിയുന്നത്. യുഎഇയില്‍ ചക്കയ്ക്ക് വന്‍ വിലയായതിനാല്‍ പലപ്പോഴും സാധാരണക്കാര്‍ തങ്ങളുടെ ചക്കക്കൊതി അടക്കിവയ്ക്കുന്നു. തായ് ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ചക്കകള്‍ യുഎഇയില്‍ ലഭ്യമാണെങ്കിലും ഒരിക്കലും അതിന് കേരളത്തിലെ ചക്കയുടെ സ്വാദുണ്ടായിരിക്കില്ല. കേരളത്തില്‍ നിന്ന് നേരിട്ട് ചക്ക എത്തിച്ചാണ് കാലിക്കറ്റ് നോട്ടുബുക്കില്‍ മിതമായ നിരക്കില്‍ ചക്ക വിഭവങ്ങളൊരുക്കുന്നത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ആറ് കാലിക്കറ്റ് നോട്ടുബുക്ക് റസ്റ്ററന്റുകളിലായി മുപ്പത് കിലോഗ്രാം ചക്ക നിത്യേന ഉപയോഗിക്കുന്നു. സ്വന്തം വീടുകളിലെ അതേ രുചി പകരുന്നതാണ് തങ്ങളൊരുക്കുന്ന വിഭവങ്ങളെന്നും വിജീഷ് പറഞ്ഞു.
കാലിക്കറ്റ് നോട്ടുബുക്കിലെ സാധാരണ മെനുവിലും അടുത്തിടെയായി ചക്ക വിഭവങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം ഒന്നിച്ച് അണിനിരക്കുന്നത് ഇതാദ്യമാണ്. മുന്‍കാലങ്ങളിലെ നോമ്പുതുറകളില്‍ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം വിവിധ സംഘടനകളുടെ ഇഫ്താറുകള്‍ ചക്ക വിഭവങ്ങളാല്‍ ശ്രദ്ധേയമാകുന്നു.

Next Story

RELATED STORIES

Share it