Flash News

ദിനകരന് അട്ടിമറിജയം

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിമത നേതാവ് ടി ടി വി ദിനകരന് അട്ടിമറിജയം. ചെന്നൈയിലെ ആര്‍കെ നഗറില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച ദിനകരന്‍ 40,707 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണിത്. 2016ല്‍ 39,545 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആര്‍കെ നഗറില്‍ നിന്ന് ജയലളിത തമിഴ്‌നാട് നിയമസഭയിലെത്തിയത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ദിനകരന് ലഭിച്ചത്.
89,013 വോട്ട് ദിനകരന്‍ നേടിയപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയ അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനന് 48,306 വോട്ടും മൂന്നാമതെത്തിയ ഡിഎംകെയുടെ എന്‍ മരുത് ഗണേശിന് 24,651 വോട്ടും ലഭിച്ചു. ആകെ പോള്‍ ചെയ്ത 1,76,890 വോട്ടില്‍ 50.32 ശതമാനമാണ് ദിനകരന്‍ നേടിയത്. 2,373 പേര്‍ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തി. 1,417 വോട്ട് ലഭിച്ച് നോട്ടയ്ക്കും പിറകിലാണ് ബിജെപി സ്ഥാനാര്‍ഥി കെ നാഗരാജന്‍. ഡിഎംകെ, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച തുക നഷ്ടപ്പെട്ടു.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ദിനകരന്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. രണ്ടാം റൗണ്ട് പൂര്‍ത്തിയാവാനിരിക്കെ ദിനകരന്റെ ലീഡ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനു കാരണമായി. തുടര്‍ന്ന് 15 മിനിറ്റോളം വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. പ്രശ്‌നമുണ്ടാക്കിയ കൗണ്ടിങ് ഏജന്റുമാരെ പുറത്താക്കി സുരക്ഷ വര്‍ധിപ്പിച്ചു. ചെന്നൈ മറീനാ ബീച്ചിനു സമീപമുള്ള ക്വീന്‍ മേരീസ് കോളജായിരുന്നു വോട്ടെണ്ണല്‍ കേന്ദ്രം. 19 റൗണ്ടുണ്ടായിരുന്നു വോട്ടെണ്ണല്‍.  വോട്ടെണ്ണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ ഇരുനൂറോളം പേരുണ്ടായിരുന്നു. അതിശക്തമായ സുരക്ഷയാണ് കോളജില്‍ ഒരുക്കിയത്.
ദിനകരന്റെ വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകളെ ശരിവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലം.  മധുരയിലായിരുന്ന ദിനകരന്‍ ചെന്നൈയില്‍ തിരിച്ചെത്തി നേരെ ജയലളിതയുടെ സമാധി സന്ദര്‍ശിച്ചു. ആദ്യ ലീഡ് അറിഞ്ഞത് മുതല്‍ ദിനകരന്‍ അനുകൂലികള്‍ ആഘോഷം തുടങ്ങിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ദിനകരന്റെ വിജയം. മൂന്നുമാസത്തിനകം തമിഴ്‌നാട് സര്‍ക്കാരിനെ താഴെ വീഴ്ത്തുമെന്ന ദിനകരന്റെ പ്രഖ്യാപനവും അണ്ണാ ഡിഎംകെ നേതൃത്വം നേരിടാന്‍ പോവുന്ന പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എഐഎഡിഎംകെയെ കൂടെ നിര്‍ത്തി തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും ദിനകരന്റെ വിജയം തിരിച്ചടിയാവും.
അതേസമയം ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികലയുടെ പക്ഷക്കാര്‍ക്ക് ദിനകരന്റെ വിജയം കരുത്തു പകരും. ഈ വിജയത്തോടെ കൂടുതല്‍ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനും ശശികല പക്ഷത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it