ദസറ ആഘോഷത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് നഗരസഭ

അമൃത്‌സര്‍: വെള്ളിയാഴ്ച തീവണ്ടി ദുരന്തം നടന്ന അമൃത്‌സറിലെ “ധോബിഘട്ട്’ മൈതാനിയില്‍ ദസറ ആഘോഷത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് അമൃത്‌സര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍. ആഘോഷത്തിന്റെ ഭാഗമായി മൈതാനിയില്‍ രാവണന്റെ കോലം കത്തിക്കുന്നത് കാണാനെത്തിയവര്‍ സമീപത്തെ റെയില്‍പ്പാളങ്ങളില്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണം. ജനക്കൂട്ടത്തിലേക്ക് തീവണ്ടി പാഞ്ഞുകയറി 61 പേര്‍ മരിക്കുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മൈതാനിയില്‍ ദസറ ആഘോഷങ്ങള്‍ നടത്താന്‍ ആരും അനുമതി നല്‍കിയിരുന്നില്ലെന്നും അനുമതിക്കായി ആരും അപേക്ഷിച്ചിരുന്നില്ലെന്നും കോര്‍പറേഷന്‍ കമ്മീഷണര്‍ സോണാലി ഗിരി പറഞ്ഞു. കഴിഞ്ഞതവണ മൈതാനിയില്‍ ദസറ ആഘോഷം നടന്നിരുന്നുവെങ്കിലും ഇത്തവണത്തേതുപോലെ വലിയതോതിലായിരുന്നില്ല അതെന്നും അവര്‍ പറഞ്ഞു.
വെള്ളിയാഴ്ചത്തെ ദസറ ആഘോഷച്ചടങ്ങില്‍ മുന്‍ എംഎല്‍എയും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിജയ് മദന്റെ ഭര്‍ത്താവ് സൗരഭ് മദനാണ് ആഘോഷം സംഘടിപ്പിച്ചത്.
അതേസമയം, പാളങ്ങള്‍ക്കടുത്ത് ദസറ ആഘോഷം സംഘടിപ്പിക്കുന്ന വിവരം റെയില്‍വേയെ അറിയിച്ചിരുന്നില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി ഡല്‍ഹിയില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമൃത്‌സര്‍/മനവാല സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. ലെവല്‍ ക്രോസിങില്‍ അല്ല. തീവണ്ടിയുടെ ലോകോ പൈലറ്റ് അടിയന്തര ബ്രേക്ക് ഇട്ടിരുന്നുവെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it