ദലിത് വിഷയത്തില്‍ സിപിഎം നിലപാട് കാപട്യം: എസ്ഡിപിഐ

കോഴിക്കോട്: പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലും ദലിതുകള്‍ നടത്തിയ ഭാരത ബന്ദിനെതിരേ നടമാടിയ ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ച് കേരളത്തിലെ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയ സിപിഎം നിലപാട് ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ദലിത് വിഷയങ്ങളിലുള്ള സിപിഎമ്മിന്റെ നിലപാട് ആത്മാര്‍ഥതയുള്ളതാണെങ്കില്‍ നിഷ്പക്ഷ സമീപനമെങ്കിലും ഹര്‍ത്താലിനോട് സ്വീകരിക്കണമായിരുന്നു. കേരളത്തിലെ ദലിത് മുന്നേറ്റത്തെയും ഐക്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയും തങ്ങളിലൂടെ മാത്രമേ ദലിത് പ്രതിഷേധങ്ങള്‍ നടക്കാന്‍ പാടുള്ളൂവെന്ന ധിക്കാരപൂര്‍ണമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് സിപിഎം കൈകൊള്ളുന്ന മാടമ്പി മനോഭാവത്തിന്റെ തുടര്‍ച്ചയാണ്. പട്ടികജാതി ക്ഷേമസമിതിയെ മുന്‍നിര്‍ത്തി ദലിത് വേട്ടയ്‌ക്കെതിരേ രാജ്ഭവനിലേക്കും കലക്ടറേറ്റുകളിലേക്കും സിപിഎം നടത്തിയ മാര്‍ച്ചുകള്‍ ദലിതുകളായ അണികളെ കൂടെ നിര്‍ത്താനുള്ള പ്രകടനാത്മകതയ്ക്കപ്പുറം മറ്റൊന്നുമല്ല. ദലിത്-മതന്യൂനപക്ഷ പ്രശ്നങ്ങളില്‍ സിപിഎം സ്വീകരിക്കുന്ന ഇത്തരം നിലപാടുകളിലെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, റോയി അറയ്ക്കല്‍, സെക്രട്ടേറിയറ്റംഗങ്ങളായ അഡ്വ. കെ എം അഷ്റഫ്, കെ കെ അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it