ദലിത് പ്രയോഗത്തിന് വിലക്ക്; കേന്ദ്രത്തിനെതിരേ ദൃശ്യ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: സ്വകാര്യ വാര്‍ത്താ ചാനലുകളില്‍ ദലിത് എന്ന പ്രയോഗം ഒഴിവാക്കണമെന്ന വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരേ വ്യാപക പ്രതിഷേധം.ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് വാര്‍ത്തകളിലും പരിപാടികളിലും ഇനിമുതല്‍ ദലിത് എന്നതിനു പകരം ഭരണഘടനാപരമായ വിശേഷണമായ പട്ടികജാതി എന്ന് ഉപയോഗിക്കണമെന്നു മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നത്. സ്വകാര്യ വാര്‍ത്താ ചാനലുകളുടെ സമിതിയായ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍ബിഎ) ഈ നിര്‍ദേശത്തോട് കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. വാര്‍ത്താ ചാനലുകളുടെ തലവന്‍മാരും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ നിയമപരമായി നേരിടാനാണ് അസോസിയേഷന്റെ തീരുമാനം. ഈ മാസം 20ന് എന്‍ബിഎയുടെ ബോര്‍ഡ് യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവും. മന്ത്രാലയത്തിന്റെ നിര്‍ദേശം അതേപടി പിന്തുടരുക അസാധ്യമാണെന്നാണ് ചാനല്‍ മേധാവികള്‍ പറയുന്നത്. പലപ്പോഴും അനിവാര്യമായി വരുന്ന പഴയ ഫൂട്ടേജുകളില്‍ നിന്നു ദലിത് എന്ന പ്രയോഗം ഒഴിവാക്കുക അപ്രായോഗികമാണ്. മാത്രമല്ല, ദലിത് ആക്റ്റിവിസ്റ്റുകളും അക്കാദമിക് രംഗത്തെ വിദഗ്ധരും ദലിത് എന്ന വിശേഷം ശാക്തീകരണത്തിന്റെ പ്രതീകമായാണു കണക്കാക്കുന്നത്. പങ്കജ് മെശ്രാം എന്ന വ്യക്തി നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് ദലിത് എന്ന പദം ഉപയോഗിക്കരുതെന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്താ വിതരണ മന്ത്രാലയം സ്വകാര്യ ചാനലുകള്‍ക്കയച്ച കത്തില്‍ 2018 മാര്‍ച്ചില്‍ ദലിത് എന്നതിനു പകരം പട്ടികജാതി എന്നുതന്നെ ഉപയോഗിക്കണമെന്നു കേന്ദ്ര സാമൂഹിക നീതി വകുപ്പ് നിര്‍ദേശിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നു. ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്നു ഭരണഘടനയില്‍ പറയുന്ന വാക്കിന് അതത് ഭാഷകളില്‍ പരിഭാഷ ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ജനുവരി 15ലെ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഔദ്യോഗിക രേഖകളിലും മറ്റും ദലിത് എന്ന വാക്ക് ഉപയോഗിക്കരുതെന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.



Next Story

RELATED STORIES

Share it