Editorial

ദലിത് പ്രക്ഷോഭകരുടേത് ന്യായമായ പരാതികള്‍

12  പേരുടെ മരണത്തിനും ഒട്ടേറെ നാശനഷ്ടങ്ങള്‍ക്കും വഴിവ ച്ച ഭാരത് ബന്ദ് കാലാകാലമായി അടക്കിവച്ചിരിക്കുന്ന ദലിത് രോഷത്തിന്റെ പൊട്ടിത്തെറിയാണെന്ന വിലയിരുത്തലാണ് കൂടുതല്‍ പ്രസക്തമായിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ മാര്‍ച്ച് 20ന് സുപ്രിംകോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതാണ് ദലിതുകളെ പ്രകോപിപ്പിച്ചത്.
പ്രക്ഷോഭകാരികളെ നേരിടുന്നതില്‍ പോലിസ് കാണിച്ച അത്യുല്‍സാഹമാണ് വെടിവയ്പിനും മരണങ്ങള്‍ക്കും കാരണമായത്. മേല്‍ജാതി നിയന്ത്രണത്തിലുള്ള പോലിസ് പ്രക്ഷോഭത്തെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ സൂചനകള്‍ കാണുന്നുണ്ട്. മേല്‍ജാതി സംഘടനകള്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിച്ചുവെന്നും ചില റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് സുപ്രിംകോടതി ഫലത്തില്‍ നിയമത്തില്‍ വെള്ളംചേര്‍ക്കാന്‍ തല്‍പരകക്ഷികളെ സഹായിക്കുന്നവിധം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. നിയമലംഘനം നടത്തുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ നിയമനാധികാരികളില്‍ നിന്നു നേരത്തേ സമ്മതം വാങ്ങി വേണം നടപടിയെടുക്കാന്‍ എന്നു സുപ്രിംകോടതി പറയുന്നു. പോലിസ് സ്‌റ്റേഷനില്‍ പീഡനം സംബന്ധിച്ച പരാതി വന്നാല്‍ ഡെപ്യൂട്ടി സൂപ്രണ്ട് പദവിയിലുള്ള ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങി മാത്രമേ അന്വേഷണം നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു. ഇത്തരം നിര്‍ദേശങ്ങള്‍ ഫലത്തില്‍ നിയമത്തെ ബലഹീനമാക്കുമെന്നാണ് ദലിത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നിയന്ത്രണങ്ങളുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ കോടതിയിലെത്തുന്നത് വളരെ വൈകിയാണ്. ആ നിലയ്ക്ക് ദലിതുകളുടെ വിമര്‍ശനം ഒട്ടും അസ്ഥാനത്തല്ല.
ഹിന്ദു ഐക്യത്തിന്റെ പേരില്‍ 18 കോടി ദലിതരെ സാമദാനഭേദദണ്ഡങ്ങളിലൂടെ വശത്താക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ദലിത് സംഘടനകള്‍ മനസ്സിലാക്കുന്നുണ്ട് എന്നാണ് ഭാരത് ബന്ദിന്റെ വിജയം തെളിയിക്കുന്നത്. ദലിത് നേതാക്കളില്‍പെട്ടവരെ രാഷ്ട്രപതിയാക്കിയും മന്ത്രിമാരാക്കിയും എംപിമാരാക്കിയും തങ്ങളാണ് ദലിതരുടെ യഥാര്‍ഥ സംരക്ഷകര്‍ എന്നു പ്രചരിപ്പിച്ചിരുന്ന മോദി സര്‍ക്കാര്‍ സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു. പ്രക്ഷോഭം ശക്തിപ്പെടുമെന്ന് കണ്ടതോടെയാണ് സര്‍ക്കാര്‍ ഹരജിയുമായി തിരക്കിട്ട് സുപ്രിംകോടതിയിലെത്തിയത്. നിയമം സംബന്ധിച്ചു തങ്ങള്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിയമം ബലഹീനമാക്കുന്നില്ലെന്ന് സുപ്രിംകോടതി ഇപ്പോള്‍ നല്‍കിയ വിശദീകരണം സംഘര്‍ഷം ലഘൂകരിക്കുന്നതിന് എന്തുകൊണ്ടും സഹായകമാണ്. രാജ്യത്തെ ഏറ്റവും ബലഹീനരായ വിഭാഗമാണ് ദലിതുകള്‍. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു നിയമത്തില്‍ ഇടപെട്ട് അത് ദുര്‍ബലമാക്കുന്നത് അനുവദിച്ചുകൂടാ. പ്രതികാരം ചെയ്യാനും വ്യക്തിവൈരാഗ്യം തീര്‍ക്കാനും നിയമങ്ങള്‍ ദുരുപയോഗിക്കുന്നത് തടയാന്‍ മറ്റു മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്.
Next Story

RELATED STORIES

Share it