Flash News

ദലിത് എന്ന പദപ്രയോഗം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല : പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍



കൊച്ചി: പിന്നാക്കസമുദായ-വര്‍ഗങ്ങളെ സൂചിപ്പിക്കുന്നതിനായി ദലിത് എന്ന പദം ഉപയോഗിക്കുന്നതു വിലക്കണമെന്ന് സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ഡോ. പി എന്‍ വിജയകുമാര്‍. ദലിത് പദപ്രയോഗം കമ്മീഷന്‍ വിലക്കിയെന്നതരത്തില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ രേഖകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ദലിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി കമ്മീഷന് ബന്ധമില്ല. ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ച പിആര്‍ഡിയെ കക്ഷിചേര്‍ത്ത് പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. 30നു തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ദലിതര്‍ എന്നു വിശേഷിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ചില  വിദ്യാര്‍ഥികള്‍ കമ്മീഷനെ സമീപിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ക്കൂടിയാവും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും ചെയര്‍മാന്‍ അറിയിച്ചു. പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരുടെ ദുരൂഹ മരണങ്ങള്‍ കൂടിയതായും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 14 ജില്ലകളിലായി നടത്തിവരുന്ന അദാലത്തില്‍ ഇതുവരെ 12,000 കേസുകളാണ് പരിഗണിച്ചത്. 6000 കേസുകള്‍ തീര്‍പ്പാക്കി. എറണാകുളം ടൗണ്‍ഹാളില്‍ ഇന്നലെ നടന്ന അദാലത്തില്‍ 135 കേസുകള്‍ പരിഗണിച്ചു.  അദാലത്ത് ഇന്നും തുടരും.
Next Story

RELATED STORIES

Share it