Flash News

ദയൂബന്തിലെ പാസ്‌പോര്‍ട്ട് ഉടമകളുടെ രേഖകള്‍ പരിശോധിക്കുന്നു



ന്യൂഡല്‍ഹി: ഭീകരര്‍ ഒളിത്താവളമാക്കുന്നുവെന്നാരോപിച്ചു ദയൂബന്തിലും പരിസരപ്രദേശങ്ങളിലുമുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ സഹാറന്‍പൂര്‍ പോലിസ് പരിശോധനയ്ക്ക് വിധേയമാക്കുന്നു. ബംഗ്ലാദേശില്‍ നിന്ന് ആക്രമണത്തിനെത്തിയവരെന്നു കരുതുന്ന രണ്ടുപേര്‍ ദയൂബന്തിലെ വിലാസത്തില്‍ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയിരുന്നുവെന്നാണ് പോലിസ് അവകാശപ്പെടുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള അബ്ദുല്ല എന്നയാളെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ച കുറ്റത്തിനു യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് ആഗസ്തില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്‍സാറുല്ല ബംഗ്ല ടീം എന്ന (എബിടി) തീവ്ര സംഘടനയില്‍ അംഗമാണ് ഇയാളെന്നും പോലിസ് ആരോപിക്കുന്നു. സമാനമായ നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ദയൂബന്ത് ഉള്‍പ്പെടെയുള്ള ആറു പോലിസ് സ്റ്റേഷന്‍ പരിധിയിലെ പാസ്‌പോര്‍ട്ട് ഉടമകളുടെ രേഖകള്‍ പരിശോധനാ വിധേയമാക്കാന്‍ പോലിസ് തീരുമാനിച്ചത്. സഹാറന്‍പൂര്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ളവര്‍ താമസിക്കുന്ന പ്രദേശങ്ങളാണ് പ്രധാനമായും പോലിസ് ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട പോലിസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രാദേശിക ഇന്റലിജന്‍സ് യൂനിറ്റിനു സഹായം നല്‍കുമെന്നു സാഹാറന്‍പൂര്‍ പോലിസ് സൂപ്രണ്ട് ബബ്‌ലൂ കുമാര്‍ പറഞ്ഞു. മൂന്നു ദിവസം മുമ്പ് ഫര്‍ഹാന്‍ അഹ്മദ് എന്നയാളെ വ്യാജ ഡ്രൈവിങ് ലൈസന്‍സുമായി മുറാദാബാദ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലെ മുഗള്‍പുര പ്രദേശത്തുകാരനാണ് ഫര്‍ഹാന്‍. പരിശോധനയില്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സുകളും റേഷന്‍ കാര്‍ഡും ഒരു പാസ്‌പോര്‍ട്ടും കണ്ടെത്തിയതായും പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it