Kottayam Local

ദമ്പതികളെ കാണാതായ സംഭവം : സ്വകാര്യ ഡിറ്റക്ടീവ് സംഘം തിരച്ചില്‍ ആരംഭിച്ചു



കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നിന്ന് കാണാതായ ദമ്പതികള്‍ക്കായി സ്വകാര്യ ഡിറ്റക്ടീവ് സംഘം തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ കുമരകം ബോട്ടുജെട്ടി ഭാഗത്തായിരുന്നു ഹമ്മിങ് ബേര്‍ഡ് എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി തിരച്ചില്‍ ആരംഭിച്ചത്. 10 മണിയോടെ താഴത്തങ്ങാടി ആറ്റില്‍ സംഘമെത്തി. വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന അത്യാധുനിക സ്‌കാനര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. റോഡ് വക്കിലുള്ള ആറ്റിലാണ് നാലംഗസംഘം പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. ഇതുവരെയും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പോലിസ് അറിയിച്ചത്. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രില്‍ ആറിനാണ് കാണാതാവുന്നത്. രാത്രി ഒമ്പതോടെ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍നിന്ന് കാറില്‍ പുറത്തേയ്ക്കുപോയത്. മൂന്നു ദിവസം തിരച്ചില്‍ തുടരും. സംശയമുള്ളിടത്ത് മുങ്ങല്‍വിദഗ്ധരുടെ സേവനവും തേടും. ഇന്നലെ രാവിലെയാണു സംഘം എറണാകുളത്തുനിന്നെത്തിയത്. കോട്ടയം ഡിവൈഎസ്പി സഖറിയ മാത്യു, കോട്ടയം വെസ്റ്റ് സിഐ നിര്‍മല്‍ ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അബദ്ധത്തില്‍ പുഴയില്‍ അകപ്പെട്ടതാവാമെന്ന നിഗമനത്തില്‍ താഴത്തങ്ങാടി ആറ്റിലും പ്രദേശത്തെ തോടുകളിലും പോലിസും നാട്ടുകാരും നേവിയും നേരത്തെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പോലിസ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയത്. നേരത്തെ സംശയത്തെ തുടര്‍ന്ന് വെമ്പള്ളി പാറമട അടക്കമുള്ള ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളിലും പോലിസ് പരിശോധന നടത്തിയെങ്കിലും ഒരുതുമ്പും കണ്ടെത്താനായില്ല. ദമ്പതികള്‍ പുറത്തേക്കുപോയത് പുതുതായി വാങ്ങിയ കാറിലാണ്. എന്നാല്‍, കാര്‍ കേരളത്തിലോ തമിഴ്‌നാട്ടിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതെത്തുടര്‍ന്ന് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ണാടകയിലേക്കു പ്രത്യേകസംഘം പോവുമെന്നും പോലിസ് അറിയിച്ചു. അതേസമയം, ദമ്പതിമാര്‍ അത്മഹത്യ ചെയ്തതാണെന്ന സാധ്യത പോലിസ് ഇനിയും തള്ളിയിട്ടില്ല. മൊബൈല്‍ ഫോണോ, എംടിഎ കാര്‍ഡോ, പണമോ എടുക്കാതെ ദമ്പതികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതിനാലാണ് ആത്മഹത്യാ സാധ്യതയെ കുറിച്ച് പോലിസ് സംശയിക്കുന്നത്. കാണാതാവുന്നതിന്റെ തലേന്ന് ഹാഷിം പീരുമേട്ടിലേക്ക് യാത്ര നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബന്ധുക്കളും വീട്ടുകാരും യാത്രയെപ്പറ്റി ചോദിച്ചപ്പോള്‍ കോട്ടയത്തു തന്നെ ഉണ്ടായിരുന്നെന്നാണു ഹാഷിം പറഞ്ഞിരുന്നത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചപ്പോള്‍ ഹാഷിം പീരുമേട്ടിലെത്തിയതായി തെളിഞ്ഞു. ഹാഷിം എന്തിനു കളവു പറഞ്ഞു എന്നതിന്റെ ഉത്തരം തേടിയാണ് പോലിസ് ഹൈറേഞ്ചിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കഴിഞ്ഞദിവസം ഇടുക്കിയിലെ മത്തായിക്കൊക്ക, വളഞ്ഞാങ്ങാനം, മുറിഞ്ഞപുഴ, കൊടികുത്തി, പീര്‍മുഹമ്മദ് ഖബര്‍സ്ഥാന്‍, പുല്ലുപാറ, ഏദന്‍ മൗണ്ട്, ബോയ്‌സ് എസ്‌റ്റേറ്റ്, പാഞ്ചാലിമേട്, പത്തുമല എസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ പരിശോധനയിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. അന്വേഷണസംഘത്തിലേക്ക് ഈസ്റ്റ് സിഐ സാജു വര്‍ഗീസിനെയും പാമ്പാടി സിഐ യു ശ്രീജിത്തിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it